ഷൂട്ടിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ കരഞ്ഞു; ഡെലൂലുവാണ് സർവ്വം മായ ഹിറ്റാക്കുകയെന്ന അഖിൽ ചേട്ടന്റെ വാക്ക് കരുത്തായി: റിയ ഷിബു
Malayalam Cinema
ഷൂട്ടിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ കരഞ്ഞു; ഡെലൂലുവാണ് സർവ്വം മായ ഹിറ്റാക്കുകയെന്ന അഖിൽ ചേട്ടന്റെ വാക്ക് കരുത്തായി: റിയ ഷിബു
നന്ദന എം.സി
Wednesday, 11th February 2026, 12:37 pm

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സർവ്വം മായ വെറുമൊരു ഹൊറർ-കോമഡിയിൽ നിന്ന് മാറി ഒരു ഫീൽഗുഡ് അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ പ്രമോഷൻ ഘട്ടത്തിൽ തന്നെ സംവിധായകൻ സിനിമയിൽ ഒരു ‘ക്യൂട്ട് എലമെന്റ്’ ഒളിഞ്ഞിരിപ്പുണ്ടെന്നും അത് തിയേറ്ററിൽ നിന്ന് അനുഭവിക്കണമെന്നുമായിരുന്നു പറഞ്ഞത്.

ആ വാക്കുകൾ സത്യമായി മാറിയത് ‘ഡെലൂലു’ എന്ന ക്യൂട്ട് യക്ഷിയായി എത്തിയ റിയ ഷിബുവിലൂടെയായിരുന്നു. സാധാരണ പേടിപ്പിക്കുന്ന യക്ഷികളിൽ നിന്ന് വ്യത്യസ്‌തമായി, മനുഷ്യരെ കണ്ടാൽ പേടിച്ചു വിറയ്ക്കുന്ന യക്ഷിയെയാണ് സർവ്വം മായയിൽ പ്രേക്ഷകർ കണ്ടത്. ഇതുകൊണ്ടുതന്നെയാണ് ഡെലൂലു മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറിയതും.

റിയ ഷിബു, നിവിൻ പോളി, Photo: Nivin Pauly/ Facebook

ഇപ്പോഴിതാ, സർവ്വം മായയുടെ ആദ്യ ഷൂട്ടിങ് ദിവസങ്ങളിൽ താൻ കരയുകയായിരുന്നെന്നും സംവിധായകൻ അഖിൽ സത്യനാണ് ആത്മവിശ്വാസം നൽകിയതെന്നും പറയുകയാണ് റിയ ഷിബു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഷൂട്ടിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ കരയുമായിരുന്നു. ചുറ്റുമുള്ളവരുടെ നിസ്സാരപ്രതികരണങ്ങൾ ഓർത്തു വിഷമിച്ച് പെർഫൊമൻസ് പ്രയാസമാകുകയായിരുന്നു. ഞാൻ ശരിയാകുന്നില്ലേ ? ടീമിന് പണം നഷ്‌ടമാകുമോ ? എന്നൊക്കെയുള്ള ചിന്തകളായിരുന്നു. ‘റിയ നീയാണ് എൻ്റെ ഡെലൂലു. നീ സ്പെഷലാണ്. ഡെലൂലുവാണ് സർവ്വം മായ ഹിറ്റാക്കാൻ പോകുന്നത്’ അഖിൽ ചേട്ടൻ പറഞ്ഞു. നമ്മളെ നമ്മളെക്കാൾ വിശ്വസി ക്കുന്നൊരാളുണ്ടാകുന്നത് തരുന്ന ആത്മവിശ്വാസമുണ്ടല്ലോ… അതാണ് നിങ്ങൾ സ്ക്രീനിൽ കണ്ടത്,’ റിയ പറഞ്ഞു.

കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്ന ഇൻസെക്യൂരിറ്റികളും ‘ഞാനത്ര പോരാ’ എന്ന ചിന്തയും ഡെലൂലുവിനെ പ്രേക്ഷകർ ഇത്രയും സ്നേഹിച്ചപ്പോൾ മാറിയെന്നും താരം പറഞ്ഞു. ഡെലൂലുവിന് കിട്ടുന്ന അഭിനന്ദനങ്ങൾ എല്ലാം തന്റെ ഉള്ളിലെ കുട്ടിയെ വളരെ സന്തോഷിപ്പിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.

സർവ്വം മായ, Photo: JioHotstar

‘കപ്പ്’ എന്ന റിയയുടെ ആദ്യ സിനിമ ഫാമിലി ഫ്രണ്ട്സായ ലീനയും ആന്റണിയും ചേർന്നാണ് പ്രൊഡ്യൂസ് ചെയ്തതെന്നും പിന്നീട് സിനിമയുടെ പിന്നാലെ ഓടിപ്പിടിക്കാതെ, പഠനത്തിന് പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോയതെന്നും റിയ പറഞ്ഞു.

‘ഞാൻ സിനിമയുടെ പുറകേ പോകില്ല. കിട്ടുന്ന അവസരം എടുക്കുകയാണ് എന്റെ രീതി. എപ്പോഴും എനിക്കൊരു ബാക്കപ് പ്ലാനും ഉണ്ടാകും.

കോളജ് പഠനം കഴിഞ്ഞ സമയത്ത് സർവ്വം മായയിൽ കാസ്‌റ്റ് ആയി. സർവ്വം മായയുടെ സ്‌റ്റിൽ ഫോട്ടോഗ്രാഫർ രോഹിത്തേട്ടനാണ് (രോഹിത് കെ.എസ്) അതിരടി സിനിമയിലേക്ക് സജസ്‌റ്റ്‌ ചെയ്‌തത്‌. ഏറ്റവും പാഷനേറ്റ് ആയ കാര്യം ‘ഗോഡ്‌സ് പ്ലാൻ’ ആയി എന്നിലേക്കു വരികയാണ്,’ റിയ ഷിബു പറഞ്ഞു.

സർവ്വം മായയിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, രഘുനാഥ് പാലേരി, അൽത്താഫ് സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Content Highlight: Riya shibu talk about her shooting experiences

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.