ആൾക്കാർ എന്നെ ട്രോളുമെന്ന് ഞാൻ, കോപ്പി ചെയ്യുമെന്ന് അഖിൽ ചേട്ടൻ, അത് തന്നെ സംഭവിച്ചു: റിയ ഷിബു
Malayalam Cinema
ആൾക്കാർ എന്നെ ട്രോളുമെന്ന് ഞാൻ, കോപ്പി ചെയ്യുമെന്ന് അഖിൽ ചേട്ടൻ, അത് തന്നെ സംഭവിച്ചു: റിയ ഷിബു
നന്ദന എം.സി
Wednesday, 11th March 2026, 8:15 am

സർവ്വം മായ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് റിയ ഷിബു. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി-റിയ കോംബോയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മലയാള സിനിമയിൽ പതിവായി കാണുന്ന പ്രേത സ്വഭാവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു റിയ അവതരിപ്പിച്ച ഡെലൂലു എന്ന കഥാപാത്രം.

മനുഷ്യരെ കണ്ടാൽ പേടിക്കുകയും ഓൺലൈൻ വഴി ഡ്രസ് ഓർഡർ ചെയ്യുകയും പാട്ടുകേട്ട് ഡാൻസ് ചെയ്യുകയും ചെയ്യുന്ന ഒരു ജെൻസി യക്ഷിയെയാണ് പ്രേക്ഷകർ ഈ കഥാപാത്രത്തിലൂടെ കണ്ടത്.

തനിക്ക് ക്ലാസിക്കൽ ഡാൻസ് അറിയില്ലായിരുന്നെന്നും, അഖിൽ സത്യൻ പറഞ്ഞ വാക്കുകളാണ് ആത്മവിശ്വാസം നൽകിയതെന്നും റിയ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്.

നിവിൻ പോളി, റിയ ഷിബു, Photo: IMDb

‘എനിക്ക് ഡാൻസ് ഇഷ്ടമാണ്. എന്നാലും സീനിൽ ചെയ്യുമ്പോൾ പേടിയായിരുന്നു. ഞാൻ ഹിപ്ഹോ പ്പ് ചെയ്യും എന്നാൽ ക്ലാസിക്കൽ പഠിച്ചിട്ടില്ല. അതുകൊണ്ട് ആദ്യത്തെ രണ്ടു മൂന്ന് ഷോട്ട് ശരിയായില്ല. ഞാൻ പെട്ടെന്ന് ടെൻഷനായി. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് ആശങ്കയായി പക്ഷേ കൊറിയോഗ്രാഫറായ ബൃന്ദാ മാസ്റ്റർ നല്ല പിന്തുണ തന്നു.

ശരിയായില്ലെങ്കിൽ ആളുകൾ ട്രോളുമോ എന്ന പേടിയായിരുന്നു. അഖിൽ ചേട്ടൻ ‘ആളുകൾ ഇത് കോപ്പി ചെയ്യും’ എന്നാണ് പറഞ്ഞത്. അതേപോലെ സംഭവിച്ചു കുട്ടികൾ വരെ ആ പാട്ടിന് ഡാൻസ് ചെയ്യുന്നു. അതിൽ എന്നെ ടാഗ് ചെയ്യുന്നു,’ റിയ പറഞ്ഞു.

യഥാർത്ഥ ജീവിതത്തിലും താൻ ഡെലൂലു ടൈപ്പ് സ്വഭാവമുള്ള ആളാണെന്നും കഥാപാത്രവുമായി ഒരുപാട് സാമ്യമുണ്ടെന്നും റിയ പറയുന്നു. അതുകൊണ്ട് അഭിനയിക്കുമ്പോഴും ഏറെ സുഖമായിരുന്നുവെന്നും, ഡെലൂലുവിനെപ്പോലെ തന്നെ താനും ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നയാളാണെന്നും താരം കൂട്ടിച്ചേർത്തു.

നിവിൻ പോളി, അജു വർഗീസ്, Photo: IMDb

സിനിമ കണ്ടതിന് ശേഷം കൂട്ടുകാർ പോലും ഡെലൂലു തന്നെപ്പോലെയാണെന്ന് പറഞ്ഞുവെന്നും, അവർക്കാണ് നമ്മളെ ഏറ്റവും നന്നായി അറിയുന്നതെന്നും റിയ പറഞ്ഞു.

‘പല സീനുകളിലും ഞാൻ എന്റേതായ ചില ആക്ഷനുകൾ ചെയ്യുമ്പോൾ അത് കഥാപാത്രത്തിന് ചേരുന്നതാണെന്ന് തോന്നിയാൽ അഖിൽ ചേട്ടൻ (അഖിൽ സത്യൻ) ‘നന്നായിട്ടുണ്ട്’ എന്ന് പറയും. അതുകൊണ്ടാവും അഭിനയത്തിൽ വലിയ അസ്വാഭാവികത വരാതിരുന്നത്,’ റിയ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പാലേരി, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Content Highlight: Riya shibu talk about Akhil Sathyan

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.