ഇത് ഡെലൂലുവല്ല, ഞങ്ങടെ ഡെലൂലു ഇങ്ങനല്ല... കപ്പ് ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി റിയ ഷിബുവിന്റെ അന്ന
Malayalam Cinema
ഇത് ഡെലൂലുവല്ല, ഞങ്ങടെ ഡെലൂലു ഇങ്ങനല്ല... കപ്പ് ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി റിയ ഷിബുവിന്റെ അന്ന
അമര്‍നാഥ് എം.
Monday, 29th June 2026, 5:00 pm

നിവിന്‍ പോളി നായകനായ സര്‍വ്വം മായയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് റിയ ഷിബു. തമിഴിലെ മുന്‍നിര നിര്‍മാതാവായ ഷിബു തമീന്‍സിന്റെ മകളാണ് റിയ. സര്‍വ്വം മായയില്‍ ഡെലൂലുവായുള്ള റിയയുടെ പ്രകടനം പലരുടെ ഇഷ്ടം പിടിച്ചുപറ്റി. റിയല്‍ ലൈഫില്‍ എങ്ങനെയാണോ അതുപോലെയാണ് താരം സര്‍വ്വം മായയിലും പ്രത്യക്ഷപ്പെട്ടതെന്ന് പലരും അഭിപ്രായപ്പെട്ടു.

സര്‍വ്വം മായയാണ് റിയയുടെ ആദ്യചിത്രമെന്ന് പലരും കരുതുകയാണ്. എന്നാല്‍ അതിന് മുമ്പ് റിയ മറ്റൊരു ചിത്രത്തിന്റെ ഭാഗമായിരുന്നു. മാത്യു തോമസിനെ നായകനാക്കി നവാഗതനായ സഞ്ജു വി സാമുവല്‍ സംവിധാനം ചെയ്ത കപ്പിലൂടെയാണ് റിയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. തിയേറ്റര്‍ റിലീസ് സമയത്ത് കാര്യമായ ചലനമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല.

കഴിഞ്ഞദിവസം കപ്പ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തോളം പെട്ടിയില്‍ കിടന്നതിന് ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. റിയ ഷിബുവിന്റെ പ്രകടനമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അന്ന എന്ന കഥാപാത്രമായാണ് റിയ കപ്പില്‍ വേഷമിട്ടത്.

പ്ലസ്ടുക്കാരിയുടെ വേഷമാണ് കപ്പില്‍ റിയയുടേത്. മാത്യു അവതരിപ്പിച്ച നിധിന്റെ സുഹൃത്താണ് അന്ന. ആദ്യചിത്രമായതിനാല്‍ റിയയുടെ പ്രകടനത്തില്‍ അവിടവിടായി ആര്‍ട്ടിഫിഷ്യാലിറ്റി അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രധാന കമന്റുകള്‍. സര്‍വ്വം മായയിലെ ഡെലൂലുവല്ല ഈ സിനിമയിലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

‘ഇത് ഞങ്ങളുടെ ഡെലൂലുവല്ല, ഞങ്ങടെ ഡെലൂലു ഇങ്ങനല്ല’, ‘സര്‍വ്വം മായക്ക് മുമ്പ് ഇങ്ങനൊരു സിനിമ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞില്ല… ആരും പറഞ്ഞില്ല’, ‘ആളെ കണ്ടിട്ട് മനസിലായില്ല, വല്ലാത്ത മാറ്റമാണല്ലോ’, ‘ഇടക്ക് പല സ്ഥലത്തും ആര്‍ട്ടിഫിഷ്യാലിറ്റി കയറിവരുന്നുണ്ട്. നമുക്ക് ഡെലുലൂ മോഡല്‍ റോളുകള്‍ മതി’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കപ്പിന്റേത്. ബാഡ്മിന്റണില്‍ തിളങ്ങണമെന്ന് ആഗ്രഹിക്കുന്ന നിധിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. മാത്യുവിന് പുറമെ ബേസില്‍ ജോസഫ്, നമിത പ്രമോദ്, അനിഘ സുരേന്ദ്രന്‍, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ കപ്പിന്റെ ഭാഗമാണ്. 2022ല്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം 2024ലാണ് തിയേറ്ററുകളിലെത്തിയത്.

Content Highlight: Riya Shibu’s character in Cup movie viral after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം