ന്യൂദല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരെ കൂടി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കാന്‍ നീക്കം. 400 വിരമിച്ച ഡോക്ടര്‍മാരെയാണ് താത്കാലിക കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം നല്‍കുന്നതിനായി പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 11 മാസത്തെ കോണ്‍ട്രാക്ടിനാണ് ഇവരെ നിയമിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 4 ലക്ഷം കടന്നു. 4,03,738 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ചുമരിച്ചത്. രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്.

കൊവിഡിനെ നേരിടാന്‍ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് മരുന്നിന് അനുമതി നല്‍കിയത്.

രോഗികള്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കല്‍ പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Retired army doctors to be recruited contract basis amid covid surge