ഇറാനെതിരായ ആക്രമണം നിയമവിരുദ്ധം; മൊജ്തബ ഖാംനഇയുടെ തെരഞ്ഞെടുപ്പിനെ മാനിക്കുന്നു: ഉത്തര കൊറിയ
Iran US Conflict
ഇറാനെതിരായ ആക്രമണം നിയമവിരുദ്ധം; മൊജ്തബ ഖാംനഇയുടെ തെരഞ്ഞെടുപ്പിനെ മാനിക്കുന്നു: ഉത്തര കൊറിയ
അനിത സി
Wednesday, 11th March 2026, 8:43 am

പ്യോങ്‌യാങ്: യു.എസും ഇസ്രഈലും ഇറാനെതിരെ നടത്തുന്ന സംയുക്ത സൈനികാക്രമണത്തെ അപലപിച്ച് ഉത്തര കൊറിയ.

ഇറാനെതിരെ നടക്കുന്നത് നിയമവിരുദ്ധമായ സൈനിക ആക്രമണമാണ്. ലോകമെമ്പാടും അസ്ഥിരത വര്‍ധിപ്പിക്കുകയും മേഖലയിലെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണ് യു.എസും ഇസ്രഈലും.

ഈ ആക്രമണ പ്രവര്‍ത്തങ്ങളില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് ഉത്തര കൊറിയയുടെ പിന്തുണയും പ്രഖ്യാപിച്ചു.

ഇറാന്റെ വിദഗ്ധ സമിതി ഇസ്‌ലാമിക റെവല്യൂഷന്റെ പുതിയ നേതാവിനെ തെരഞ്ഞെടുത്തെന്ന പ്രഖ്യാപനത്തെ അംഗീകരിക്കുന്നു.

ഇറാനിയന്‍ ജനതയുടെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശങ്ങളെയും തെരഞ്ഞെടുപ്പിനെയും മാനിക്കുന്നുവെന്നും ഉത്തര കൊറിയന്‍ വക്താവ് അറിയിച്ചു.

നേരത്തെ യു.എസ്-ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങളെ ഗുണ്ടാസംഘങ്ങളുടെ പോലുള്ള പ്രവര്‍ത്തനമെന്ന് ഉത്തര കൊറിയ വിമര്‍ശിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു മാര്‍ച്ച് ഒന്നിനുള്ള വിമര്‍ശനം.

അതേസമയം, ഉത്തരകൊറിയയും ഇറാനും തമ്മില്‍ 1973 മുതല്‍ മികച്ച നയയതന്ത്ര ബന്ധമാണ് തുടരുന്നത്. ഇരു രാജ്യങ്ങളും ആയുധ പദ്ധതികളില്‍ അന്താരാഷ്ട്ര തലത്തില്‍ ഉപരോധങ്ങള്‍ നേരിടുന്നുമുണ്ട്. ഉക്രൈന്‍ യുദ്ധത്തിനിടെ റഷ്യയ്ക്ക്   ഉത്തര കൊറിയയും ഇറാനും  പിന്തുണ നല്‍കിയിരുന്നു.

Content Highlight: Attack on Iran illegal; respects Mojtaba Khamenei’s election: North Korea

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.