ധുരന്ധറിനും ടോക്‌സിക്കിനുമൊപ്പം ക്ലാഷ് വെക്കാന്‍ നിവിനും? ഇത്രയും ധൈര്യം വേണോയെന്ന് ആരാധകര്‍
Malayalam Cinema
ധുരന്ധറിനും ടോക്‌സിക്കിനുമൊപ്പം ക്ലാഷ് വെക്കാന്‍ നിവിനും? ഇത്രയും ധൈര്യം വേണോയെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Saturday, 7th February 2026, 9:34 am

സിനിമാപ്രേമികളെല്ലാവരും മാര്‍ച്ച് 19ലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്ലാഷ് റിലീസാണ് ഈ ദിവസം അരങ്ങേറുന്നത്. യഷ് നായകനാകുന്ന ടോക്‌സിക്കും രണ്‍വീര്‍ സിങ്ങിന്റെ ധുരന്ധര്‍ 2വും ഒരേദിവസം ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുകയാണ്. രണ്ട് പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഒന്നിച്ച് ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.

ആദ്യഭാഗം 1400 കോടിയിലേറെ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയ ധുരന്ധറിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കെ.ജി.എഫ് 2വിന് ശേഷം യഷ് നായകനായ ടോക്‌സിക്കും പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ധുരന്ധര്‍ 2, ടോക്‌സിക് Photo: Theatrical poster

ഇതേ ദിവസം തന്നെ മലയാളത്തിലും ഗംഭീര റിലീസുണ്ട്. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 മാര്‍ച്ച് 19നാണ് റിലീസ്. ഇപ്പോഴിതാ ഇതേദിവസം തന്നെ മറ്റൊരു വമ്പന്‍ റിലീസുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇതേദിവസം റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്.

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഇലക്ഷന് മുമ്പ് തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സര്‍വ്വം മായയുടെ വിജയത്തിന് ശേഷം ബേബി ഗേളില്‍ നിവിന് കൈപൊള്ളിയെങ്കിലും ഈ ചിത്രം നിരാശപ്പെടുത്തില്ലെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാലും മൂന്ന് വമ്പന്‍ സിനിമകള്‍ക്കൊപ്പം ക്ലാഷിനെത്തുന്ന നിവിന്റെ ധൈര്യത്തെയും പലരും സംശയിക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഡിസംബറില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സമീപകാലത്ത് ചെയ്ത സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ബി. ഉണ്ണികൃഷ്ണന്‍ ഇത്തവണ നിരാശപ്പെടുത്തില്ലെന്നാണ് പലരും കരുതുന്നത്. വേണ്ട രീതിയില്‍ പ്രൊമോഷന്‍ നല്‍കിയാല്‍ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അതേസമയം നിവിന്‍ തന്റെ അടുത്ത പ്രൊജക്ടുകളിലേക്ക് കടക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രനൊപ്പം നിവിന്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ മാസം പകുതിയോടെ ആരംഭിക്കും. രാഘവ ലോറന്‍സ് നായകനായെത്തുന്ന ബെന്‍സില്‍ നിവിന്റെ പോര്‍ഷനുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlight: Reports that Nivin Pauly B Unnikrishnan movie clash release with Dhurandhar 2 and Toxic

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം