സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണും രജിനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. ആദ്യഭാഗത്തിന്റെ മുകളില്‍ നില്‍ക്കുന്ന ഒന്നാകും രണ്ടാം ഭാഗമെന്നാണ് ആരാധകര്‍ കരുതുന്നത്. രജിനികാന്ത് എന്ന സൂപ്പര്‍താരത്തെ വീണ്ടും കൈയില്‍ കിട്ടുമ്പോള്‍ നെല്‍സണ്‍ തന്റെ മാക്‌സിമം റേഞ്ച് പുറത്തെടുക്കുമെന്ന് ഉറപ്പാണ്.

വന്‍ താരനിരയിലും ബജറ്റിലും ഒരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്തും. രജിനിയുടെ മുന്‍ ചിത്രമായ കൂലി ഹൈപ്പിനൊത്ത് ഉയരാതെ പോയതോടെ ജയിലര്‍ 2ല്‍ വലിയ പ്രതീക്ഷയാണ് എല്ലാവര്‍ക്കും ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിങ്ങിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

ആദ്യഭാഗത്തെപ്പോലെ ഒരുപാട് വയലന്‍സ് നിറഞ്ഞ രംഗങ്ങളുള്ളതിനാല്‍ ‘A’ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സെന്‍സര്‍ ബോര്‍ഡ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കട്ടുകള്‍ പോലുമില്ലാതെ ഒരുപാട് വയലന്‍സ് രംഗമുണ്ടായിരുന്നിട്ടും ജയിലറിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ അതിനെക്കാള്‍ കൂടുതല്‍ വയലന്‍സുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ചിത്രത്തിന്റെ കളക്ഷനെ വലിയ രീതിയില്‍ ബാധിക്കുമെന്നും കുടുംബ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനാകില്ലെന്നുമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി U/A സര്‍ട്ടിഫിക്കറ്റ് വേണമെന്ന് രജനി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ചിത്രമായ കൂലി ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കാരണം കളക്ഷനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു.

650 കോടിയെങ്കിലും ലഭിക്കേണ്ടിയിരുന്ന ചിത്രം 500 കോടിയില്‍ ഒതുങ്ങുകയായിരുന്നു. ജയിലര്‍ 2നും അതേ അവസ്ഥ വരാതിരിക്കാനാണ് U/A സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ സെന്‍സറിങ്ങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. അധികം സീനുകളില്‍ കത്തി വെക്കേണ്ടി വരില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.

സമീപകാലത്ത് ഓഡിയോ ലോഞ്ച് നടത്താതെ തിയേറ്ററുകളിലെത്തുന്ന രജിനി ചിത്രം കൂടിയാണ് ജയിലര്‍ 2. ഓഡിയോ ലോഞ്ചിന് പകരം ബാക്ക് ടു ബാക്ക് അപ്‌ഡേറ്റുകളുമായി കളംനിറയുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ഫുള്‍ ആല്‍ബം റിലീസും ട്രെയ്‌ലറുമടക്കം പല അപ്‌ഡേറ്റുകളും ഈയാഴ്ച പുറത്തുവിടും. കൂലിയില്‍ മിസ്സായത് ജയിലര്‍ 2ല്‍ ലഭിക്കുമെന്നാണ് പലരും കരുതുന്നത്.

Content Highlight: Reports that Censor Board is giving A certificate for Jailer 2 movie