നിരാശ, റീനുവും സച്ചിനും ഇനിയില്ല....പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്
Malayalam Cinema
നിരാശ, റീനുവും സച്ചിനും ഇനിയില്ല....പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്
ഐറിന്‍ മരിയ ആന്റണി
Tuesday, 3rd February 2026, 9:56 pm

സൂപ്പര്‍ ശരണ്യക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങി ബ്ലോക്ക് ബസ്റ്ററായി തീര്‍ന്ന ചിത്രമാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, സംഗീത് പ്രതാപ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം തെലുങ്കിലും മികച്ച പ്രതികരണം നേടിയിരുന്നു.

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ പ്രേമലു 2 നീണ്ടുപോകുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രം ഉപേക്ഷിച്ചതിന്റെ ശരിയായ കാരണം വ്യക്തമല്ല.

ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും സംവിധായകന്റെയോ നിര്‍മാതാക്കളുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെങ്കിലും പ്രേമലു 2 ഉപേക്ഷിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പല പ്രമുഖ സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമ വൈകുന്നുവെന്ന് ഭാവന സ്റ്റുഡിയോസിന്റെ നിര്‍മാതാക്കളിലൊരാളായ ദിലീഷ് പോത്തന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പിന്നീട് സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും തന്നെ വന്നില്ല. ചിത്രത്തിന്റെ തിരക്കഥ നടന്‍ നസ്‌ലെന് വര്‍ക്കായില്ല എന്ന അഭ്യൂഹങ്ങള്‍ ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴും സിനിമ ഉപേക്ഷിച്ചതിനുള്ള കാരണം വ്യക്തമല്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു പ്രേമലു 2.

ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്ന് തിരക്കഥ നിര്‍വഹിച്ച പ്രേമലുവിന്റെ സംഗീത സംവിധാനം വിഷ്ണു വിജയ്‌യാണ്. സിനിമയില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

അതേസമയം നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തുന്ന ബത്‌ലഹേം കുടുംബ യൂണിറ്റാണ് ഗിരീഷ് എ.ഡിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഓണം റിലീസായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഭാവന സ്റ്റുഡിയോസ് തന്നെയാണ്.

Content Highlight: Reports  says  premalu 2 has been dropped

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.