റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം റോഡ്രിഗോയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് 70 മില്യണ്‍ പൗണ്ടിന്റെ വമ്പന്‍ ഓഫറാണ് മാഞ്ചസ്റ്റര്‍ സിറ്റി നല്‍കിയിട്ടുള്ളതെന്നാണ് പറയുന്നത്.

നിലവില്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റ നിരയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് റോഡ്രിഗോ. ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയതോടെ റോഡ്രിഗോക്ക് റയലിന്റെ മുന്നേറ്റം എത്രത്തോളം ഈ സീസണില്‍ അവസരം ലഭിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്. അതുകൊണ്ട് തന്നെ ട്രാന്‍സ്ഫര്‍ അവസാനിക്കുന്നതുവരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് താരത്തെ സ്വന്തമാക്കാന്‍ അവസരമുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസിനെ പകരക്കാരനായിട്ടായിരിക്കും പെപ് ഗ്വാര്‍ഡിയോളയും കൂട്ടരും റോഡ്രിഗോയെ ഇത്തിഹാദില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.

ലാ ലിഗയില്‍ പുതിയ സീസണില്‍ മല്ലോര്‍ക്കക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ റയലിനായി ലക്ഷ്യം കണ്ടത് റോഡ്രിഗോ ആയിരുന്നു. എന്നാല്‍ മത്സരം സമനിലയില്‍ ആവുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ഓഗസ്റ്റ് 25ന് നടക്കുന്ന മത്സരത്തില്‍ വല്ലാഡോലിഡിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം നടക്കുക.

മറുഭാഗത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി പുതിയ സീസണിന് തുടക്കം കുറിച്ചത്.

ഇ.പി.എല്ലില്‍ ഓഗസ്റ്റ് 26ന് നടക്കുന്ന മത്സരത്തില്‍ ഇപ്‌സ്വിച്ച് ടൗണിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Report Says Manchester City Are Target Rodrigo