കമല്‍ഹാസനും ശങ്കറും ഒന്നിച്ചെത്തുന്ന ഇന്ത്യന്‍ 2 2023ലെ ദസറ സീസണിലോ ദീപാവലി സീസണിലോ പാന്‍ ഇന്ത്യ റിലീസായി പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പിങ്ക്‌വില്ലയാണ് എക്‌സ്‌ക്ലൂസീവായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി അടുത്ത വര്‍ഷം ദസറ- ദീപാവലി സീസണുകളിലേതെങ്കിലുമൊന്നില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

”ഇന്ത്യയിലുടനീളം 2023ലെ ദസറ അല്ലെങ്കില്‍ ദീപാവലി റിലീസാണ് ഇന്ത്യന്‍ 2 ടീം ലക്ഷ്യമിടുന്നത്. മിക്കവാറും ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയിരിക്കും റിലീസ്,” സിനിമയോട് അടുത്ത ഒരു സോഴ്‌സ് വെളിപ്പെടുത്തിയതായി പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു.

തമിഴ് ക്ലാസിക് കള്‍ട്ട് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം ചെയ്യുമെന്ന് 2017ലായിരുന്നു കമല്‍ ഹാസനും ശങ്കറും പ്രഖ്യാപിച്ചത്.

1996ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ തമിഴില്‍ റിലീസ് ചെയ്ത് പാന്‍ ഇന്ത്യ ലെവലില്‍ ബ്ലോക്ക്ബസ്റ്ററായി മാറിയ ആദ്യ ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു.

ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് 2019ല്‍ ആരംഭിച്ചുവെങ്കിലും പിന്നീട് കൊവിഡും ബഡ്ജറ്റ് പ്രശ്‌നങ്ങളും കാരണം നീണ്ടുപോകുകയായിരുന്നു.

കമല്‍ ഹാസന്‍- ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെയാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ 2വിന്റെ നിര്‍മാതാക്കള്‍ ഷൂട്ടിങ്ങ് പുനരാരംഭിച്ചതും ചിത്രം ട്രാക്കിലേക്ക് തിരിച്ചെത്തിയതും.

കാജള്‍ അഗര്‍വാളാണ് നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2023 ആദ്യ പാദത്തോടെ പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ടീം വീണ്ടും ചിത്രത്തെ ട്രാക്കിലെത്തിക്കുന്നതിന് മുമ്പ് 75 മുതല്‍ 85 ദിവസം വരെ ഷൂട്ടിങ് ബാക്കിയുണ്ടായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായ ഉടന്‍ പോസ്റ്റ്- പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: report says Kamal Hasaan and Shankar’s Indian 2 is targeting a Pan India release on either Dussehra or Diwali 2023