ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മത്സരത്തിന് മുന്നോടിയായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ഇപ്പോള്‍ ഈ മത്സരത്തിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കുന്നൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ഈ പരമ്പര നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടത്തിയ താരത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള പ്രാഥമിക വിലയിരുത്തലില്‍ ബുംറയുടെ ഇടത് കാല്‍മുട്ടിന് ഇപ്പോഴും വേദനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താരത്തിന് വിശ്രമം നല്‍കാന്‍ മാനേജ്മന്റ് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ക്വാഡില്‍ പരിക്ക് പൂര്‍ണമായി ഭേദമാകാതെയാണ് ബുംറ ഇടം നേടിയത്. പരമ്പര തുടങ്ങുമ്പോള്‍ താരത്തിന്റെ പരിക്ക് ഭേമാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ പരിക്കിന്റെ തിരിച്ചടി പരമ്പരക്കൊരുങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

അതേസമയം ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പുതുമുഖമായ സാരാന്‍ഷ് ജെയിനും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുന്ന താരം ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍.

 

Content Highlight: Report says Jasprit Bumrah will miss Sri lanka test series