ടെൽ അവീവ്: ഖത്തറിലേക്കുള്ള എല്ലാ പ്രതിരോധ കയറ്റുമതിയും ഇസ്രഈൽ നിർത്തിവെക്കുന്നതായി റിപ്പോർട്ട്. ഇസ്രഈൽ മാധ്യമമായ ചാനൽ 12 ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. മുമ്പ് ഖത്തറിലേക്ക് കയറ്റുമതി ചെയ്ത പ്രതിരോധ സംവിധാനങ്ങളുടെ എല്ലാ അറ്റകുറ്റപ്പണികളും തുടർ സേവനങ്ങളും പുതിയ തീരുമാന പ്രകാരം ഇസ്രഈൽ പൂർണമായി അവസാനിപ്പിക്കുമെന്നും ചാനൽ 12 റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇസ്രഈൽ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ബന്ധപ്പെട്ട വകുപ്പോ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോ നേരത്തെ അനുമതി നൽകിയ കരാറുകൾ പ്രകാരമുള്ള കയറ്റുമതിയെ പുതിയ തീരുമാനം ബാധിക്കില്ല. എന്നാൽ പുതിയ തീരുമാനം പ്രകാരം ഭാവിയിൽ ഇസ്രഈലിൽ നിന്ന് ഖത്തറിലേക്ക് ഒരു പ്രതിരോധ കയറ്റുമതിയും ഉണ്ടാവില്ലെന്ന് ചാനൽ 12 റിപ്പോർട്ടിൽ പറയുന്നു.
വർഷങ്ങളായി ഹമാസ് നേതാക്കൾക്ക് ഇടം നൽകുന്ന ഖത്തറിന്റെ പുതിയ ചില പ്രവർത്തനങ്ങൾ കാരണമാണ് ഇപ്പോൾ കയറ്റുമതി നിർത്താൻ ഇസ്രഈൽ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇസ്രഈലിലെ പൊതു ജനാഭിപ്രായത്തെ സ്വാധീനിക്കാൻ ഖത്തർ ശ്രമിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിന് സഹായം നൽകിക്കൊണ്ട് അടക്കമാണ് ഇത്തരത്തിൽ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഖത്തർ നടത്തിയതെന്നും ചാനൽ 12 റിപ്പോർട്ടിൽ ആരോപിക്കുന്നു.
ഖത്തറും ഇസ്രഈലും തമ്മിൽ അംഗികൃത നയതന്ത്ര ബന്ധമില്ല. ഖത്തറിന് ഇസ്രഈൽ പ്രതിരോധ വില്പന നടത്തിയതായി ഇരു പക്ഷവും പരസ്യമായി അംഗീകരിച്ചിട്ടുമില്ല. എന്നാൽ ഖത്തറിന് കോടിക്കണക്കിന് ഡോളറിന്റെ പ്രതിരോധ ഉത്പന്നങ്ങൾ ഇസ്രഈൽ വിറ്റതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളടക്കം ഇത്തരത്തിൽ വിറ്റിരുന്നതായാണ് അത്തരം റിപ്പോർട്ടുകളിൽ പറയുന്നത്.
വ്യോമ പ്രതിരോധ സംവിധാനങ്ങളും എഫ്-15 ജെറ്റുകൾക്കായുള്ള കമ്പ്യൂട്ടറൈസ്ഡ് യുദ്ധ ഹെൽമെറ്റുകളും ഉൾപ്പെടെയുള്ള ആയുധ സംവിധാനങ്ങൾ ഇസ്രാഈൽ ഖത്തറിനും സൗദി അറേബ്യയ്ക്കും വിറ്റതായി ഈ വർഷം ജൂണിൽ ഹആരറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഖത്തർ രാജകുടുംബത്തിന്റെ 11 വിമാനങ്ങളിൽ മൂന്നെണ്ണത്തിൽ ഇസ്രഈലി സ്ഥാപനമായ എൽബിറ്റ് സിസ്റ്റംസിന്റെ സി-മ്യൂസിക് വ്യോമ പ്രതിരോധ സംവിധാനമുണ്ടെന്ന് ആ റിപ്പോർട്ടിൽ പറയുന്നു. ഇവ 2020 നും 2022 നും ഇടയിൽ വിമാനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ സ്ഥാപിച്ചതാണ്. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി കഴിഞ്ഞ വർഷം ടെഹ്‌റാനിലേക്ക് യാത്ര ചെയ്തപ്പോൾ അദ്ദേഹത്തിന്റെ വിമാനത്തിൽ എൽബിറ്റ് വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചിരുന്നതായതും ഹആരറ്റ്സ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇപ്പോൾ പ്രതിരോധ കയറ്റുമതി നിർത്തിവെക്കാനുള്ള ഇസ്രഈലിന്റെ തീരുമാനം സമീപ കാലത്തായി അവർ ഖത്തറിനോട് സ്വീകരിച്ച് വരുന്ന സമീപനത്തിന്റെ ഭാഗമായി വിലയിരുത്തപ്പെട്ടുന്നു. ‘ഇസ്രഈലിനെതിരെ പ്രവർത്തിക്കുന്ന തിന്‍മയുടെ രാഷ്ട്രം,’ എന്ന തരത്തിൽ ഖത്തറിനെക്കുറിച്ച് ഇസ്രഈൽ അഭിപ്രായപ്പെടുന്നതായി ഇസ്രഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താൻ പ്രധാനമന്ത്രിയായാൽ ഖത്തറിനെ ശത്രുരാജ്യമായി പ്രഖ്യാപിക്കുമെന്ന് ഇസ്രഈൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ചാനൽ 12ന് നൽകിയ അഭിമുഖത്തിൽ അടുത്തിടെ പറഞ്ഞിരുന്നു. ഇസ്രഈലിനെ സംബന്ധിച്ച് ഇറാനേക്കാൾ വലിയ അപകടകാരിയാണ് ഖത്തറെന്നും നഫ്താലി ബെന്നറ്റ് അഭിപ്രായപ്പെട്ടിരുന്നു.
ഖത്തർ ഹമാസിനെ പിന്തുണക്കുന്നുവെന്നും അൽ ജസീറ നടത്തിക്കൊണ്ടുപോകുന്നത് ഖത്തറാണെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അൽ ജസീറ ഇസ്രഈലിനെ ബാധിക്കുന്ന ഏറ്റവും വിഷം നിറഞ്ഞ കാൻസർ ബാധയാണെന്നും ബെന്നറ്റ് ആരോപിച്ചിരുന്നു. ഇസ്രഈൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വരെ ഖത്തറിന് പ്രവേശനമുണ്ടെന്നും അതാണ് ഏറ്റവും വലിയ പ്രശ്നമെന്നും ബെമന്നറ്റ് അന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Israel halting all defense exports to Qatar – Says Israel Media
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.