joy-thomas
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വം പറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്തുപോകാന്‍ താന്‍ തയ്യാറാണെന്ന് ജോയ് തോമസ്. തന്നെ നിയമിച്ചത് രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം പ്രതികരിച്ചു. ജോയ് തോമസിനെ മാറ്റി കാര്യപ്രാപ്തിയുള്ള മറ്റൊരാളെ നിയമിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.

കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതിയാണ് എന്ന മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയുടെ വാദം അസംബന്ധമാണെന്നു പറഞ്ഞ ജോയ് തോമസ്, തച്ചങ്കരിയുടെ ട്രാക്ക് റെക്കോഡ് നല്ലതാണോ എന്നും ചോദിച്ചു. ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഇരയാണെന്നും ജോയ് തോമസ് ആരോപിച്ചു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മറച്ചുവയ്ക്കാനാണ് ജോയ് തോമസ്   ശ്രമിക്കുന്നത് എന്നായിരുന്നു കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സതീശന്‍ പാച്ചേനി ഇതിനെതിരെ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി പ്രശ്‌നത്തെ ഗ്രൂപ്പ്‌വല്‍ക്കരിക്കാന്‍ ജോയ് തോമസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.