സൗഹൃദ മത്സരത്തിൽ ബ്രസീലിന് സമനിലക്കുരുക്ക്. ഓസ്ട്രേലിയയാണ് കാനറിപ്പടയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയിൽ ഓസ്ട്രേലിയയാണ് ആദ്യം ലീഡ് നേടിയത്. ഒരു മനോഹരമായ ഫ്രീ കിക്കിലൂടെ ഇരങ്കുണ്ടയാണ് ബ്രസീലിനെ ഞെട്ടിച്ചത്. ഈ ഗോളിന്റെ പിൻബലത്തിൽ അവസാന നിമിഷം വരെ ഓസ്ട്രേലിയ ബ്രസീലിനെ വിറപ്പിക്കുകയായിരുന്നു.
മത്സരത്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കുമെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു ഇഞ്ചുറി ടൈമിൽ ബ്രസീൽ സമനില ഗോൾ നേടിയത്. റയാനിലൂടെയായിരുന്നു ബ്രസീൽ സമനില പിടിച്ചത്.
ഈ ഗോളിന് വഴിയൊരുക്കിയത് സൂപ്പർതാരം റഫീന്യയായിരുന്നു. റഫീന്യയെടുത്ത കോർണർ കിക്കിൽ നിന്നുമായിരുന്നു താരം ഗോൾ നേടിയത്. ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന താരം ദേശീയ ടീമിന് വേണ്ടിയും ഈ മികവ് ആവർത്തിക്കുകയായിരുന്നു.
ബ്രസീലിന്റെ ഐകോണിക് ജേഴ്സി നമ്പറായ പത്താം നമ്പർ അണിഞ്ഞായിരുന്നു റഫീന്യ ഈ മത്സരത്തിൽ ഇറങ്ങിയിരുന്നത്.
2026 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച നെയ്മറിന്റെ ജേഴ്സി നമ്പർ ആയിരുന്നു ’10’. നെയ്മറിന്റെ വിരമിക്കലിന് പിന്നാലെയാണ് റഫീന്യക്ക് ഈ ജേഴ്സി നമ്പർ അണിയാൻ ഭാഗ്യം ലഭിച്ചത്.
പെലെ അടക്കമുള്ള ഇതിഹാസങ്ങൾ ബ്രസീലിനായി അണിഞ്ഞ ഐകോണിക് നമ്പറാപത്താം നമ്പർ ധരിച്ചുകൊണ്ട് ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ തോൽവിയുടെ വക്കിൽ നിന്നും ബ്രസീലിനെ രക്ഷിച്ചെടുക്കാനും റഫീന്യക്ക് സാധിച്ചത് ആരാധകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം സെപ്റ്റംബർ 29ന് ഇതേ ഓസ്ട്രേലിയക്കെതിരെ കാനറി പട വീണ്ടും സൗഹൃദ മത്സരം കളിക്കും. ഇതിനുശേഷം ബ്രസീൽ സൗഹൃദ മത്സരത്തിന് വേണ്ടി ഇന്ത്യൻ മണ്ണിലെത്തും. ഒക്ടോബർ മൂന്നിനാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ-ഇന്ത്യ സൗഹൃദ മത്സരം നടക്കുന്നത്.
ഇന്ത്യൻ ഫുട്‌ബോളിലെ ഈറ്റില്ലമായ കൊൽക്കത്തയിൽ ഇതിന് മുമ്പും ബ്രസീലിയൻ ഫുട്‌ബോളിന്റെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. 1977ൽ ഈഡൻ ഗാർഡൻസിൽ ഇതിഹാസ താരം പെലെ കളത്തിലിറങ്ങിയിട്ടുണ്ട്.
ന്യൂയോർക്ക് കോസ്മോസിന് വേണ്ടി മോഹൻബഗാനെതിരെയായിരുന്നു പെലെ കൊൽക്കത്തയുടെ മണ്ണിൽ പന്തുതട്ടിയിരുന്നത്. ഇപ്പോൾ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും സാംബാ താളം ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോൾ ഒരു ചരിത്ര നിമിഷത്തിന് കൂടിയാവും ഇന്ത്യൻ ആരാധകർ സാക്ഷ്യം വഹിക്കുക.
Content Highlight: Raphinha great performance for Brazil against Australia in friendly match
