പതിനഞ്ച് മിനിട്ട് മമ്മൂക്കയോടൊപ്പം കാറിലിരുന്നെന്ന് പറഞ്ഞാല്‍ അവന്റെ നാട്ടിലുള്ളവര്‍ വിശ്വസിക്കുമോ; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് രമേശ് പിഷാരടി
നാലരപതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന അഭിനയ ജീവിതത്തിലൂടെ ഇന്ത്യന്‍ സിനിമാ മേഖലയുടെ മുഖമായി മാറിയ അഭിനേതാവാണ് മമ്മൂട്ടി. ഭ്രമയുഗത്തിലെ ചാത്തനായുള്ള പ്രകടനത്തിലൂടെ മറ്റൊരു ദേശീയ അവാര്‍ഡ് കൂടെ നേടിയെടുത്ത താരം മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമാണ്. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഒരു ഫോട്ടോ വൈറലായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പട്ടൂരില്‍ വെച്ച് രാത്രിയില്‍ താരം സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റുകയും തുടര്‍ന്ന് കാറിലുള്ളത് മമ്മൂട്ടിയാമെണന്ന് തിരിച്ചറിഞ്ഞ് പ്രദേശവാസിയായ യുവാവ് സഹായിക്കുകയും ചെയ്തിരുന്നു.
കിലോമീറ്ററുകളോളം ബൈക്കില്‍ തന്റെ വാഹനത്തിന് വഴികാട്ടിയായി സഞ്ചരിച്ച യുവാവിനൊപ്പം ഫോട്ടോയെടുക്കുകയും നന്ദി അറിയിക്കുകയും ചെയ്ത ശേഷമാണ് മമ്മൂട്ടി യാത്ര തുടര്‍ന്നത്. പിന്നാലെ ഈ ഫോട്ടോ താരത്തിന്റെ ആരാധകര്‍ക്കിടിയല്‍ വലിയ രീതിയില്‍ വൈറലായിരുന്നു. സംഭവം നടക്കുമ്പോള്‍ മമ്മൂട്ടിയുടെ സന്തത സഹചാരിയും എം.എല്‍.യും സിനിമാ പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിയും മമ്മൂട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാതൃഭൂമി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു പിഷാരടി അനുഭവം പങ്കുവെച്ചത്.
‘വഴിയറിയാതെ പുലര്‍ച്ചെ ഒരുപാട് തവണ കറങ്ങി കളിക്കുകയായിരുന്നു. ഗൂഗിള്‍ എടുത്ത് നോക്കുമ്പോള്‍ അത് വീണ്ടും പോയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിക്കും. രാവിലെ ഒരു മണിക്കൂറോളം കറങ്ങിയപ്പോഴാണ് ഈ പാണ്ട്യന്‍ എന്ന് പറഞ്ഞയാളെ പെട്രോള്‍ പമ്പില്‍ വെച്ച് കിട്ടുന്നതും അദ്ദേഹം ഞങ്ങള്‍ക്ക് വഴി കാണിച്ച് തരുന്നതും. അങ്ങനെ കാറില്‍ പോകുമ്പോള്‍ പണ്ട് ഇതേ പോലെ നടന്ന ഒരു കഥ ഞാന്‍ പറഞ്ഞു. മുകേഷേട്ടന്‍ എന്നോട് പറഞ്ഞ കഥയായിരുന്നു അത്. മുകേഷേട്ടനും മമ്മൂക്കയും ഇതുപോലെ ഒരു ഷൂട്ടിന് പോകുമ്പോള്‍ ഒരു ലെവല്‍ ക്രോസില്‍ അവരുടെ കാര്‍ നിര്‍ത്തി. പെട്ടെന്ന് തന്നെ അവിടെ നിന്ന് ഒരു പയ്യന്‍ മമ്മൂക്കയെ കണ്ട് ഉറക്കെ വിളിക്കാന്‍ തുടങ്ങി.
ആള്‍ കൂടുമല്ലോ എന്ന് ഭയന്ന് മുകേഷേട്ടന്‍ ഉടന്‍ തന്നെ അവനെ കാറില്‍ കയറ്റിയിരുത്തി. റെയില്‍ ക്രോസ് തുറക്കുന്നത് വരെ അവനെ കാറിലിരുത്തി. തുറന്നപ്പോള്‍ അവനോട് ഇറങ്ങിക്കോളാനും പറഞ്ഞു. ഈ കാര്യം അവന്‍ നാട്ടിലുള്ളവരോട് പറഞ്ഞാല്‍ ആരു വിശ്വസിച്ച് കാണില്ല. പതിനഞ്ച് മിനുട്ട് മമ്മൂക്കയോടൊപ്പം കാറിലിരുന്ന അനുഭവം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരെയും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ അവന് സാധിച്ചിട്ടുണ്ടാകില്ല.
അതുപോലെ പാണ്ട്യന്‍ ഇതാരോടെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക കാര്‍ നിര്‍ത്താന്‍ പറഞ്ഞു. അങ്ങനെ മമ്മൂക്ക അയാളെ ചേര്‍ത്തുപിടിച്ച് അയാളുടെ തന്നെ ഫോണ്‍ മേടിച്ച് എന്നോട് ഫോട്ടോ എടുക്കാനെല്ലാം പറഞ്ഞു. അദ്ദേഹത്തിന് നന്ദിയും പറഞ്ഞു,’ രമേശ് പിഷാരടി പറഞ്ഞു.
Content Highlight: Ramesh Pisharody talks about Mammootty’s viral photo with Tamilnadu local youngster who helped him
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.