തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ആളല്ലെന്ന് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് കൊവിഡ് രോഗിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ജി.ഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസോസിയേഷന്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ്. സജീവ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇങ്ങനെ പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

‘വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ്. എന്‍.ജി.ഒ അസോസിയേഷന്‍ ആളാണ് എന്നൊക്കെ. ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്‍.ജി.ഒ യൂണിയനില്‍പ്പെട്ടായാളാണെന്നാണ് എനിക്ക് കിട്ടിയ വിവരം’, ചെന്നിത്തല പറഞ്ഞു.


ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഭരതന്നൂര്‍ സ്വദേശി പ്രദീപാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.

കൈകള്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടു. വായില്‍ തോര്‍ത്ത് മുണ്ട് തിരുകി കയറ്റിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറന്റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതി യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു.

യുവതിയെ പ്രദീപ് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Ramesh Chennithala Health Inspector Covid