കാസര്‍ഗോഡ്: കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണെന്നും അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നതെന്നും സംഘ്പരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സി.പി.ഐ.എമ്മിലെ പല നേതാക്കളും ഇപ്പോള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വി മുന്നില്‍കണ്ട് നേതാക്കന്‍മാരുടെ സമനില തെറ്റിയിരിക്കുന്നു.നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്നും വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നുമായിരുന്നു എം.വി ജയരാജന്റെ പ്രസ്താവന.
ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചിരുന്നു ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യു.ഡി.എഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.
ഞങ്ങള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്തവരല്ല; തെരഞ്ഞെടുപ്പു കമ്മീഷനില്‍ ഭിന്നതയെന്ന ആരോപണത്തോട് പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍[/related]‘തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചുകൂടാ. ക്യൂവില്‍ നില്‍ക്കുമ്പേള്‍ തന്നെ മുഖപടം മാറ്റണം. മുഖപടം തിരിച്ചറിയാന്‍, നിങ്ങളുടെ സി.സി.ടി.വി ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, വെബ് ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, ക്യാമറയില്‍ വ്യക്തമായി പകര്‍ത്താന്‍ ക്യൂവില്‍ നില്‍ക്കുന്ന ഘട്ടം മുതല്‍ മുഖപടം തിരിച്ചറിയാന്‍ പറ്റുന്ന വിധത്തില്‍ മാറ്റണം.
തെരഞ്ഞെടുപ്പു കമ്മീഷന്‍ അങ്ങനെ തെരഞ്ഞെടുപ്പു നടത്തുമോ? പോളിംഗ് ബൂത്തില്‍ കയറിയാല്‍ അവിടെ ഒന്നുങ്കില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ, ആ ദൃശ്യത്തിന്റെ മുമ്പാകെ മുഖപടം പൂര്‍ണമായും മാറ്റി കൊണ്ട് അവിടെ വോട്ടു ചെയ്യാന്‍ എത്തുന്നവരെ അനുവദിക്കുമോ, ഇതാണ് നാടിനു അറിയേണ്ടത്.
അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍, പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട ആ ബൂത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ വോട്ടു വര്‍ധിക്കും. യു.ഡി.എഫിന്റെ വോട്ടു കുറയും’- ഇതായിരുന്നു ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞത്.
ജയരാജന്റെ പ്രസ്താവനയെ കണ്ണൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി പിന്തുണച്ചിരുന്നു. അതേസമയം ജയരാജന്റെ പ്രസ്താവന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളിയിരുന്നു.
DoolNews Video
