അഞ്ച് വര്ഷത്തിലൊരിക്കല് തെരഞ്ഞെടുപ്പ് നടക്കുന്നതുപോലെ ബോളിവുഡിലെ സ്ഥിരം കലാപരിപാടികളിലൊന്നാണ് രാമായണയുടെ സിനിമാ വേര്ഷന്. പലതവണ പറഞ്ഞ അതേ കഥ ഒരിക്കല്കൂടി ബിഗ് സ്ക്രീനിലെത്തുകയാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് സ്വയം അവകാശപ്പെടുന്ന രാമായണയുടെ അനൗണ്സ്മെന്റ് വലിയ ചലനമുണ്ടാക്കിയിരുന്നു.
എന്നാല് കംപ്ലീറ്റ് ഗ്രീന് സ്ക്രീനില് ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലറൊന്നും പ്രേക്ഷകരില് ഒരു ഇംപാക്ടുമുണ്ടാക്കിയിരുന്നില്ല. ഒരു വിഷ്വലിനും ലൈഫില്ലെന്ന് തോന്നിയെന്നും സി.ജി.ഐയെ അമിതമായി ആശ്രയിച്ചത് മോശമായെന്നുമെന്നായിരുന്നു കമന്റുകള്. പ്രേക്ഷകര്ക്ക് അറിയാവുന്ന കഥയെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കുമെന്നായിരുന്നു പലരുടെയും സംശയം.

കഴിഞ്ഞദിവസം ചിത്രത്തിന്റെ പുതിയ ട്രെയ്ലര് അണിയറപ്രവര്ത്തകര് പുറത്തുവിട്ടിരുന്നു. ആദ്യ ട്രെയ്ലറിനെക്കാള് കുറച്ച് ഭേദപ്പെട്ട ഒന്നാണ് ഇത്തവണത്തേതെന്ന് പലരും അഭിപ്രായപ്പെടുന്നു. ചില സീനുകളിലെ ഗ്രാഫിക്സ് നന്നായപ്പോള് മോണ്സ്റ്റര് സീനുകള് അനിമേഷന് ലെവലായി അനുഭവപ്പെട്ടെന്നും കമന്റുകളുണ്ട്.
യഷ് അവതരിപ്പിക്കുന്ന രാവണന്റെ കഥാപാത്രം വലിയ ഇംപാക്ടുണ്ടാക്കുമെന്നും രണ്ബീറിന്റെ പ്രകടനത്തില് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നുമെല്ലാമാണ് കമന്റുകള്. ത്രീ.ഡിയിലൊരുങ്ങുന്ന ചിത്രത്തിലെ ത്രീ.ഡി രംഗങ്ങള് നല്ല എക്സ്പീരിയന്സ് സമ്മാനിച്ചേക്കുമെന്നും പ്രവചനങ്ങളുണ്ട്. അണിയറപ്രവര്ത്തകര് അവകാശപ്പെടുന്ന നാലായിരം കോടിയുടെ വര്ക്കുകളുടെ പെര്ഫക്ഷനൊന്നും എവിടെയും തോന്നിയില്ലെന്നും ചിലര് അഭിപ്രായപ്പെട്ടു.

ഹാന്സ് സിമ്മറും എ.ആര്. റഹ്മാനും ചേര്ന്നൊരുക്കിയ സംഗീതത്തിലാണ് പലരുടെയും പ്രതീക്ഷ. ട്രെയ്ലറില് പലരെയും ആവേശം കൊള്ളിച്ചതും സിമ്മറിന്റെ ബി.ജി.എമ്മാണ്. നോര്ത്ത് ബെല്റ്റിലല്ലാതെ മറ്റെവിടെയും വലിയൊരു ഹൈപ്പ് സൃഷ്ടിക്കാന് ഇതുവരെ രാമായണക്ക് സാധിച്ചിട്ടില്ല. റിലീസിന് വെറും മൂന്നാഴ്ച ബാക്കി നില്ക്കെ ചിത്രം ഹൈപ്പ് തിരിച്ചുപിടിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ഇന്റര്സ്റ്റെല്ലാര്, ഡ്യൂണ്, തുടങ്ങി വേള്ഡ് ക്ലാസിക്കുകള്ക്ക് സി.ജി.ഐ ഒരുക്കിയ ഡി.എന്.ഇ.ജിയാണ് രാമായണയില് പ്രവര്ത്തിച്ചിരിക്കുന്നത്. ഡി.എന്.ഇ.ജിയുടെ ഹെഡ് ആയ നമിത് മല്ഹോത്രയാണ് രാമായണയുടെ നിര്മാതാവ്. കന്നഡ താരം യഷും ചിത്രത്തില് നിര്മാണ പങ്കാളികളിലൊരാളാണ്. നവംബര് അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Ramayana movie new trailer out now
