തിരുവനന്തപുരം: കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പെന്നും ചുമതല ഏറ്റെടുക്കുമ്പോഴാണ് പ്രയാസം മനസിലായതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്ടര്‍മാര്‍ക്ക് ഒരു പൂച്ചെണ്ട് കിട്ടിയാല്‍ പത്ത് കല്ലേറുകള്‍ ഉണ്ടാവുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

‘കല്ലെറിയുന്നവര്‍ക്ക് സുഖമാണ്. കഴിഞ്ഞ പത്ത് വര്‍ഷം താനും കല്ലെറിഞ്ഞതാണ്. ഇപ്പോള്‍ തിരിച്ച് കിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസിലാക്കുന്നത്’, മന്ത്രി പറഞ്ഞു.

പലപ്പോഴും മെഡിക്കല്‍ അശ്രദ്ധയുടെയും സൗകര്യങ്ങളുടെയും മരുന്നുകളുടെയും അഭാവത്തില്‍ ആരോഗ്യ വകുപ്പ് വിമര്‍ശനങ്ങള്‍ നേരിടാറുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബിരുദം സ്വീകരിച്ച യുവ ഡോക്ടര്‍മാരോട് തൊഴില്‍ പരമായ നിലവാരം ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

‘നമ്മളുടെ അധികാരം ഇന്നല്ലെങ്കില്‍ നാളെ പോകും. പക്ഷേ, ആശ്രയിക്കാവുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ മഹത്വം നിലനിര്‍ത്തേണ്ടത് നമ്മളുടെ എല്ലാവരുടെയും ചുമതലയാണ്’, മന്ത്രി പറഞ്ഞു.

പൊതുമേഖലയ്ക്കാണ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യശാസ്ത്രപരമായ അനാസ്ഥയുടെ സംഭവങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിന് പകരം അവയെ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശമ്പളം താരതമ്യേന കുറവാണെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിനെക്കുറിച്ച് ബിരുദധാരികള്‍ ആലോചിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തിലാണ് അവര്‍ വിദ്യാഭ്യാസം നേടിയതെന്ന കാര്യം ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ആശുപത്രികള്‍ നിരവധി പ്രയാസങ്ങളും വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും പാവപ്പെട്ട രോഗികള്‍ക്ക് അവ ഇപ്പോഴും ആശ്രയമാണെന്നും അവയെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാണേണ്ട ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

റോബോട്ടിക് ശസ്ത്രക്രിയ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ കൈവരിച്ച പുരോഗതികളില്‍ നിന്ന് സര്‍ക്കാര്‍ പഠിക്കണമെന്നും സമാനമായ സൗകര്യങ്ങള്‍ പൊതുമേഖലാ ആശുപത്രിയില്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlight: Criticism Hits Differently After Taking Charge: Keralam Health Min Muraleedharan