ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടുമായി കൈകോർക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്. ഡോർട്മുണ്ട് ക്ലബ്ബിന്റെ പ്രതിനിധികൾ കൊച്ചിയിലെത്തി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ഈ സംഖ്യത്തിനായുള്ള കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

ഇരു ടീമുകളും തമ്മിലുള്ള സാങ്കേതിക-സഹകരണ സാധ്യതയെ കുറിച്ച് ചർച്ച ചെയ്യാനാണ് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തുന്നതെന്നാണ് റിപ്പോർട്ട്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും താരങ്ങളുടെ ഫിറ്റ്നസ് നിലവാരം ഉയർത്താനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സില്ലീസ് സ്‌പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയുന്നത്.

ഈ വമ്പൻ നീക്കത്തിന് പിന്നാലെ ഇരു ടീമുകളുടെയും ആരാധകരുടെ പിന്തുണയും ചർച്ചയാവുകയാണ്. ഡോർട്മുണ്ടിന്റെയും ബ്ലാസ്റ്റേഴ്സിലെയും ഹോം സ്റ്റേഡിയങ്ങങ്ങളിൽ എപ്പോഴും മഞ്ഞക്കടലിന്റെ ആവേശം അലയടിച്ചു നിൽക്കും.

ഡോർട്മുണ്ടിന്റെ തട്ടകമായ സിഗ്നൽ ഇഡുന പാർക്കിൽ നിറഞ്ഞുനിൽക്കുന്ന യെല്ലോ വാളിന് സമാനമായ ആരാധനക്കൂട്ടമാണ്‌ കലൂരിലെ മഞ്ഞപ്പടയും. അതുകൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഈ വമ്പൻ നീക്കം ക്ലബ്ബിന്റെ ഭാവിയിൽ ആരാധകർക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

പുതിയ ഉടമസ്ഥരുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് വിപ്ലവകരമായ മാറ്റങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്‌നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.

ആഷ്ലി വെസ്റ്റ് നേതൃത്വത്തിൽ ഒരുപിടി അനുഭവസമ്പത്തുള്ള വിദേശ താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇത്തവണയുണ്ട്. ഇത്തവണ കൊമ്പൻമാരുടെ കിരീട വരൾച്ച അവസാനിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് രാജകീയമായി വരവറിയിച്ചിരുന്നു. ഇന്റർ കാശിയുടെ തട്ടകമായ പുനെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കൊമ്പന്മാരുടെ വിജയം.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഒക്ടോബർ 18നാണ് കൊമ്പന്മാർ അടുത്ത മത്സരത്തിനിറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുഹാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഒക്ടോബർ 25നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികൾ.

 

Content Highlight: Reports says Kerala Blasters and Borussia Dortmund will tie up