മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്.

ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

മമ്മൂട്ടി,കമൽ,മോഹൻലാൽ. Photo. Facebook.com. Screen Grab/ Youtube

എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളുള്ള പല സിനിമകളും മോഹൻലാലിന്റെ സിനിമകളെ അപേക്ഷിച്ച് ആരാധകർക്കിടയിൽ വേണ്ടത്ര ആഘോഷിക്കപ്പെട്ടിട്ടില്ലെന്ന് തുറന്നു പറയുകയാണ് കമൽ. രണ്ടു പേരും മികച്ച നടന്മാരാണെങ്കിലും മോഹൻലാലിന്റെ സിനിമകൾ കൂടുതൽ ആഘോഷിക്കപ്പെടാറുണ്ടെന്ന് ഷോസ്കേപ്പിന് നൽകിയ അഭിമുഖത്തിൽ കമൽ അഭിപ്രായപ്പെട്ടു.

മോഹൻലാൽ കഥാപാത്രമായി മാറുമ്പോൾ അദ്ദേഹത്തിന്റെ ഒരു അംശം പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയുമെന്നും കമൽ പറഞ്ഞു. ഇതാണ് നടന് ലഭിക്കുന്ന വലിയ ആരാധകപിന്തുണയുടെ കാരണങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോഹൻലാലും കഥാപാത്രങ്ങളിലേക്ക് പൂർണമായി മാറുന്ന നടനാണ്. പക്ഷേ, എവിടെയൊക്കെയോ മോഹൻലാൽ എന്ന വ്യക്തിയുടെ ഒരു അംശം കഥാപാത്രങ്ങളിൽ കാണാൻ കഴിയും. അതായിരിക്കാം അദ്ദേഹത്തിന് ഇത്ര വലിയ സ്റ്റാർഡവും സ്ഥിരമായ ആരാധകവൃന്ദവുമുണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം. ‘വാനപ്രസ്ഥം’ ചെയ്യുമ്പോഴും ‘കിരീടം’ ചെയ്യുമ്പോഴും കഥാപാത്രങ്ങൾക്കിടയിൽ എവിടെയെങ്കിലും നമുക്ക് മോഹൻലാലിനെ കാണാം,’ കമൽ പറഞ്ഞു.

ദേശീയ പുരസ്കാരം ലഭിച്ച ചിത്രങ്ങളുൾപ്പെടെ മമ്മൂട്ടിയുടെ അഭിനയമികവ് തെളിയിക്കുന്ന സിനിമകൾ ആരാധകർ ചർച്ച ചെയ്യാതെ പോയെന്നും കമൽ പറഞ്ഞു.

‘മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളുള്ള സിനിമകളെക്കുറിച്ച് പറയുമ്പോൾ ആരാധകർ അവയെ എത്രത്തോളം ആഘോഷിച്ചിട്ടുണ്ടെന്നും ചിന്തിക്കണം. പൊന്തൻമാട, വിധേയൻ തുടങ്ങിയ സിനിമകൾ ആരാധകർ വലിയ രീതിയിൽ ആഘോഷിച്ചിട്ടുണ്ടോ? മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് അംബേദ്കർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ആരാധകർ അതിനെക്കുറിച്ച് അധികം സംസാരിക്കാറില്ല. കാരണം, അതിൽ മമ്മൂട്ടിയെ കാണാൻ കഴിയില്ല. കഥാപാത്രത്തെ മാത്രമേ കാണാനാകൂ. ഭ്രമയുഗം ആരാധകർ ആഘോഷിച്ച സിനിമയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് അതിനെ ഒരു പരിധിവരെ വാണിജ്യസിനിമയായി മാത്രമേ ഞാൻ പറയുകയുള്ളൂ,’ കമൽ പറഞ്ഞു.

അഭിനയശൈലിയിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവരുടെയും മികവിനെ താരതമ്യം ചെയ്യാനാവില്ലെന്നും കമൽ അഭിപ്രായപെട്ടു. മോഹൻലാലും മമ്മൂട്ടിയും തുല്യനിലയിൽ നിൽക്കുന്ന അഭിനേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമൽ.photo.screen grab/youtube

‘ഇങ്ങനെയൊരു വ്യത്യാസം രണ്ടുപേരുടെയും അഭിനയത്തിലുണ്ട്. എന്നാൽ അതുകൊണ്ട് ഒരാൾ മറ്റൊരാളേക്കാൾ മികച്ചതാണെന്ന് അർഥമില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരേ തട്ടിൽ നിർത്തിയാൽ അഭിനയത്തിന്റെ കാര്യത്തിൽ രണ്ടുപേരും തുല്യരാണ്. ഒരാൾക്ക് ഏറ്റക്കുറച്ചിലുകളുണ്ടെന്ന് പറയാനാകില്ല. രണ്ടുപേരുടെയും അഭിനയമികവ് തുല്യമായിത്തന്നെയാണ് ഞാൻ കാണുന്നത്,’ കമൽ വ്യക്തമാക്കി.

Content Highlight: Kamal has openly stated that many of Mammootty’s films which feature some of his best performances have not been celebrated enough among fans, especially when compared to the films of Mohanlal