ആദ്യഭാഗത്തിനൊപ്പം നില്ക്കുന്ന രണ്ടാം ഭാഗം ഒരുക്കുക എന്നത് പല സംവിധായകര്ക്കും വെല്ലുവിളിയാണ്. ഇന്ത്യന് സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്സ്റ്റാറിനൊപ്പം മറ്റ് ഇന്ഡസ്ട്രികളിലെ വമ്പന് താരങ്ങളെയും അണിനിരത്തി ഫസ്റ്റിനൊപ്പം നില്ക്കുന്ന സെക്കന്ഡ് പാര്ട്ട് ഒരുക്കി നെല്സണ് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
തിയേറ്ററുകളെ പൂരപ്പറമ്പാക്കി ജയിലര് 2 മുന്നേറുമ്പോഴും ആദ്യദിവസം കേരളത്തില് ചിത്രത്തിന് നേരെ വലിയ വിമര്ശനമുയര്ന്നിരുന്നു. ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്ലാലിന്റെ കാമിയോ പ്രതീക്ഷിച്ച ഇംപാക്ട് സമ്മാനിച്ചില്ല. ആദ്യഭാഗത്തില് വെറും രണ്ട് സീന് കൊണ്ട് മാസിന്റെ അങ്ങേയറ്റത്ത് എത്തിച്ച മാത്യുവിന് ഇത്തവണ സ്ക്രീന് ടൈം കുറവായിരുന്നത് പലരെയും ചൊടിപ്പിച്ചു.

ചിത്രത്തിന്റെ ട്രെയ്ലറില് ഏറെ ആവേശം കൊള്ളിച്ച മോഹന്ലാലിന്റെ ഷോട്ട് പോലും സിനിമയില് ഉള്പ്പെടുത്തിയില്ല. ഇതിന് പിന്നാലെ ഒരുകൂട്ടമാളുകള് രജിനിക്കെതിരെ രംഗത്തെത്തി. ട്രെയ്ലറിന്റെ കമന്റ് ബോക്സില് മോഹന്ലാല് ഫാന്സിന്റെ കമന്റ് പൂരം കണ്ട് രജിനികാന്തിന് ഫ്രസ്ട്രേഷന് തോന്നിയെന്നും അതിനാലാണ് മോഹന്ലാലിന്റെ സീനുകള് കട്ട് ചെയ്യാന് ആവശ്യപ്പെട്ടതെന്നും പല ഫാന് പേജുകളും അഭിപ്രായപ്പെട്ടു.
എന്നാല് ഇത്തരം പോസ്റ്റുകള്ക്ക് മറുപടി നല്കിയ കുറിപ്പുകളാണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്. തന്നെക്കാള് കൈയടി മറ്റൊരു താരത്തിന് പോകുമെന്നുള്ള ഈഗോയൊന്നും ഇല്ലാത്ത താരമാണ് രജിനികാന്തെന്ന് പലരും അഭിപ്രായപ്പെടുന്നു. ജയിലര് 2 ശരിയായി കണ്ടവര്ക്ക് രജിനിക്കുള്ള ഈഗോയെക്കുറിച്ച് കൃത്യമായി മനസിലാകുമെന്നും കമന്റുകളുണ്ട്.

ചിത്രത്തിലെ ഒരു സീനില് എസ്.ജെ സൂര്യയുടെ കഥാപാത്രം രജിനിയെ ഇടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് നെഞ്ചില് ചവിട്ടുകയും ചെയ്യുന്ന ഷോട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്സ്റ്റാറായിരുന്നിട്ടും ഇത്തരമൊരു സീന് ചെയ്യാന് രജിനി തയാറായത് അദ്ദേഹത്തിന് ഒട്ടും ഈഗോയില്ലാത്തതുകൊണ്ടാണെന്നും ചിലര് അഭിപ്രായപ്പെട്ടു.
മോഹന്ലാലിന്റെ മാത്രമല്ല, തമിഴിലെ മറ്റൊരു സൂപ്പര്താരം വിജയ് സേതുപതിയുടെ രംഗങ്ങളില് വലിയ രീതിക്ക് കത്രിക വെച്ചിട്ടുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. അതുപോലെ സന്താനം ചെയ്ത കഥാപാത്രത്തെ പൂര്ണമായും ഒഴിവാക്കുകയും ചെയ്തെന്നും റിപ്പോര്ട്ടില് പറയുന്നു. ചിത്രത്തിന്റെ ദൈര്ഘ്യം കൂടിയതും ക്ലൈമാക്സ് റീഷൂട്ട് ചെയ്യേണ്ടി വന്നതുമാണ് മോഹന്ലാലിന്റെ സീനുകള് കുറയാന് കാരണമെന്നും ചിലര് അഭിപ്രായം പങ്കുവെച്ചു.

റിലീസിന് മുമ്പ് ആരോ പടച്ചുവിട്ട ചില ഫേക്ക് ‘ഇന്സൈഡ് റിപ്പോര്ട്ടുകള്’ കേട്ടിട്ട് അമിതമായ പ്രതീക്ഷ വെച്ചുപുലര്ത്തിയതാണ് പലര്ക്കും വിനയായത്. മോഹന്ലാലിന്റെ ഇന്ട്രോ സീനില് വിന്റേജ് സോങ് ഉണ്ടെന്നും ക്ലൈമാക്സില് വില്ലനായി മാറുമെന്നൊക്കെയായിരുന്നു ഇന്സൈഡ് റിപ്പോര്ട്ടുകള്. ഇത്തരം തള്ളുകള് ഇനിയങ്ങോട്ട് ആളുകള് നോക്കിയും കണ്ടും മാത്രമേ വിശ്വസിക്കുകയുള്ളൂ എന്നാണ് സോഷ്യല് മീഡിയയിലെ കമന്റുകള്.
Content Highlight: Social Media posts about Mohanlal’s role in Jailer 2 movie
