ആശുപത്രിയാണെന്ന ബോധം പോലുമില്ലാതെ പടക്കം പൊട്ടിക്കുന്നു, റാം ചരണിന്റെ ആരാധകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ
Indian Cinema
ആശുപത്രിയാണെന്ന ബോധം പോലുമില്ലാതെ പടക്കം പൊട്ടിക്കുന്നു, റാം ചരണിന്റെ ആരാധകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Sunday, 1st February 2026, 8:50 pm

അതിരുകടക്കുന്ന ആരാധകര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇഷ്ടതാരത്തെ കാണാനും അവരോട് സംസാരിക്കാനും എല്ലാവരും ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അത് അതിര് കടക്കാറുണ്ട്. അത്തരത്തില്‍ ആരാധകരുടെ അതിരുകടന്ന ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

തെലുങ്ക് സൂപ്പര്‍താരം റാം ചരണിന്റെ ആരാധകരാണ് ഇത്തവണ ചര്‍ച്ചയായിരിക്കുന്നത്. റാം ചരണ്‍ വീണ്ടും അച്ഛനായ വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. പങ്കാളിയെ കാണാനായി ആശുപത്രിയിലെത്തിയ റാം ചരണിനെ ആരാധകര്‍ പൊതിയുകയായിരുന്നു. മതിയായ സെക്യൂരിറ്റിയില്ലാത്തതിനാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ റാം ചരണും രണ്ട് വയസുള്ള മകളും ശ്വാസം മുട്ടുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായി.

റാം ചരണ്‍ ഫാന്‍സ് Photo: Filmy time/ X.com

എന്നാല്‍ അതിനെക്കാളേറെ ചര്‍ച്ചയായത് ആരാധകരുടെ ആഹ്‌ളാദ പ്രകടനമാണ്. താരത്തിന്റെ പങ്കാളിയെ അഡ്മിറ്റ് ചെയ്ത അപ്പോളോ ആശുപത്രിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ഫാന്‍സ് ആഘോഷിച്ചത്. ആശുപത്രിയാണെന്ന സാമാന്യ ബോധം പോലുമില്ലാതെ ഇത്തരം പ്രവൃത്തി ചെയ്ത ആരാധകരെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലാണ്.

പടക്കം പൊട്ടിക്കുന്നതിനോടൊപ്പം നാസിക് ഡോള്‍ പോലുള്ള കലാപരിപാടികളും ആശുപത്രിയുടെ മുന്നില്‍ ആരാധകക്കൂട്ടം സംഘടിപ്പിച്ചു. റാം ചരണിന്റെ ചിത്രമുള്ള കൊടിയെല്ലാം വീശിയാണ് ആഹ്‌ളാദ പ്രകടനം. ഇതിനെതിരെയെല്ലാം വലിയ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒട്ടും സിവിക് സെന്‍സ് ഇല്ലാത്ത ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

റാം ചരണ്‍ Photo: Reddit

അല്ലു അര്‍ജുന്റെ മുത്തശ്ശി അന്തരിച്ച സമയത്തും ആരാധകരുടെ ഇത്തരം അതിരുകടന്ന പ്രകടനങ്ങളുണ്ടായിരുന്നു. മരണവീട്ടിലേക്കെത്തിയ താരങ്ങളെയെല്ലാം പേരെടുത്ത് വിളിച്ച ആള്‍ക്കൂട്ടത്തിന്റെ വീഡിയോ വൈറലായിരുന്നു. നടിമാര്‍ക്കും ആരാധകരുടെ വക ഇത്തരം വീര്‍പ്പുമുട്ടിക്കല്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അടുത്തിടെ തെലുങ്ക് താരം നിധി അഗര്‍വാളിനും സമന്തക്കും ഇത്തരം മോശം അനുഭവം നേരിടേണ്ടി വന്നത് വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ അതിലെ അവസാന ഉദാഹരണമായി റാം ചരണിനെയും പലരും ചൂണ്ടിക്കാണിക്കുകയാണ്. ഏതൊരു നടനും സ്വന്തമായി ഫാന്‍സ് വേണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ താരങ്ങളും മനുഷ്യരാണെന്നും അവരുടെ സ്വകാര്യതയെയും മാനിക്കണമെന്ന സാമാന്യബോധം മറ്റുള്ളവര്‍ക്ക് ഉണ്ടാകണമെന്നുമാണ് പലരുടെയും അഭിപ്രായം.

 

Content Highlight: Ram Charan fans inappropriate behavior getting criticisms

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം