ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് ഒരുക്കിയ ചിത്രമാണ് ‘മസ്തിഷ്ക മരണം’. 2046 ൽ കേരളത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻറെ പ്രമേയം.
ഡിസ്റ്റോപ്യൻ സൈബർ പങ്ക് ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ രജിഷ വിജയൻ ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഇത് വരെ കാണാത്ത ലുക്കിലാണ് രജിഷ ചിത്രത്തിലെത്തുന്നത്. ആരാധകർക്ക് ഇടയിൽ ഏറ്റവും കൂടുതൽ ആകാംക്ഷ ഉണർത്തുന്നതും നടിയുടെ പുതിയ ലുക്ക് തന്നെയാണ്.
താരം അഭിനയിച്ച കോമള താമര എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകൾക്ക് നടി ഇരയാകേണ്ടി വന്നിരുന്നു. വ്യത്യസ്തമായ ലുക്കിലായിരുന്നു ഈ ഗാനത്തിലൂടെ രജിഷ എത്തിയത്.
താൻ ഒരിക്കലും ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ല എന്ന നടിയുടെ പഴയ ഒരു ഇൻ്റർവ്യൂ കുത്തിപൊക്കിയാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞാടിയത്.
ഇപ്പോളിതാ താരം ഈ ഒരു ഫ്രീഡാ സോമൻ എന്ന കഥാപാത്രത്തിന് വേണ്ടി 15 കിലോയിലേറെ ശരീര ഭാരം കുറച്ചെന്നും ആറ് മാസത്തെ കഠിനാധ്വാനമായിരുന്നതെന്നും പറയുകയാണ് താരം. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രജിഷ.
‘മസ്തിഷ്‌ക്ക മരണത്തിലെ കഥാപാത്രത്തിനായി ശരീരഭാരം വളരെ കുറയ്ക്കേണ്ടതുണ്ടായിരുന്നു. ജിമ്മിൽത്തന്നെയായിരുന്നു. ആറ് മാസത്തെ അധ്വാനത്തിലൂടെ 15 കിലോയിലേറെ ഭാരം കുറച്ചാണ് ഞാൻ ഫ്രീഡാ സോമൻ എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചേർന്നത്. സിനിമയ്ക്ക് ആവശ്യമെങ്കിൽ ശരീര പ്രകൃതി മാറ്റുന്നതിൽ എനിക്ക് നിറഞ്ഞ സന്തോഷമേയുള്ളൂ.
മസ്തിഷ്ക മരണം ട്രെയിലർ
ജൂൺ മുതലായ സിനിമകളിലെല്ലാം അങ്ങനെ തന്നെയാണ് ഞാൻ ചെയ്തത്. മസ്‌തിഷ്‌ക്ക മരണത്തിലെ എൻ്റെ എല്ലാ ലുക്കുകളും വ്യത്യസ്തമാണ്.
ഒരു ഫോട്ടോഷൂട്ടിനുപോലും ഞാൻ ചെയ്യാത്ത തരത്തിലുള്ള ലുക്കുകൾ ഈ സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്. സംവിധായകൻ ആവശ്യപ്പെട്ട ലുക്കുകൾ എല്ലാം ആ സിനിമയ്ക്ക് വേണ്ടതാണെന്ന ബോധ്യത്തിൽ തന്നെയാണ് അങ്ങനെ ചെയ്തത്. ഇത്തരം കഥാപാത്രങ്ങളും ലുക്കുകളും ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്നതാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.