ദിവസങ്ങള്‍ക്കുള്ളില്‍ ബോക്‌സ് ഓഫീസിന് തീയിടാന്‍ തയ്യാറെടുക്കുന്ന ചിത്രമാണ് ജയിലര്‍ 2. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെന്ന കഥാപാത്രമായി 2023ല്‍ നെല്‍സണ്‍ തിയേറ്ററിന് തീയിട്ടപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. തലൈവര്‍ രജിനിയുടെ മാസും സ്വാഗും ഇരട്ടി പവറോടെ തിരിച്ചെത്തിയ ചിത്രത്തില്‍ മലയാളികളുടെ അഹങ്കാരം മോഹന്‍ലാലും കന്നട സൂപ്പര്‍താരം ശിവരാജ് കുമാറും എത്തിയപ്പോള്‍ ജയിലര്‍ കത്തിക്കയറുകയായിരുന്നു.

ജയിലര്‍ 2. Photo: Sun Tv/ Youtube.com
ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപനം വന്നതുമുതല്‍ ജയിലര്‍ 2വിന്റെ ഓരോ അപ്ഡേറ്റുകളെയും ആഘോഷമാക്കുന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ ഷംന കാസിമും, രാജേഷ് മാധവനും രജിനികാന്തും അണിനിരന്ന ‘അല ബൊലോലെ’ എന്ന ഗാനവും സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ തുടങ്ങിയവരുടെ ക്യാരക്ടര്‍ ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും സിനിമാലോകത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. രണ്ടാം ഭാഗത്തിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്ന വിധത്തില്‍ ആദ്യഭാഗത്തിന്റെ അതേ ക്വാളിറ്റിയിലാണ് രണ്ടാം ഭാഗവും ഒരുക്കിയതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ട്രെയ്‌ലറില്‍ സെക്കന്‍ഡ് നേരത്തേക്കാണ് മോഹന്‍ലാലിന്റെ കഥാപാത്രമായ മാത്യുവിനെ കാണിക്കുന്നതെങ്കിലും കൈയടി വാരിക്കൂട്ടാന്‍ താരത്തിനായിരുന്നു. മോഹന്‍ലാലിന് പുറമെ സുരാജ് വെഞ്ഞാറമൂട്, ശിവരാജ് കുമാര്‍, എസ്.ജെ സൂര്യ, ഹൃത്വിക് റോഷന്‍, വിദ്യാ ബാലന്‍, മിഥുന്‍ ചക്രബര്‍ത്തി, തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഓരോരുത്തര്‍ക്കും എത്രത്തോളം സ്‌ക്രീന്‍ സ്‌പെയിസ് ലഭിക്കും എന്ന കാര്യം തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു.

ജയിലര്‍ 2. Photo: District
ഇപ്പോഴിതാ ചിത്രത്തിന് U/A16+ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രണ്ടാം ഭാഗത്തില്‍ ഒരുപാട് വയലന്‍സുണ്ടെന്നും ഇതിനാല്‍ ചിത്രത്തിന് 18+ സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുക എന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 45മിനുട്ടാണെന്നും കാണാം. മൂന്നുമണിക്കൂറിന് താഴെ റണ്‍ടൈമുള്ള ചിത്രത്തില്‍ ഓരോ താരങ്ങളെയും എങ്ങനെ നെല്‍സണ്‍ അവതരിപ്പിക്കും എന്നറിയാനുള്ള കാത്തിരിപ്പും വലുതാണ്.
Content Highlight: Rajinikanth’s Jailer 2 gets U/A 16+ certificate
