പഴയ തെറ്റ് തിരുത്താൻ കോൺഗ്രസ്, അമരത്തേക്ക് ദളിത് കരുത്ത്; രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി രാഹുൽ ഗാന്ധി
national news
പഴയ തെറ്റ് തിരുത്താൻ കോൺഗ്രസ്, അമരത്തേക്ക് ദളിത് കരുത്ത്; രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി രാഹുൽ ഗാന്ധി
ആദര്‍ശ് എം.കെ.
Tuesday, 26th May 2026, 7:01 pm

ന്യൂദൽഹി: കഴിഞ്ഞ ദശാബ്ദങ്ങളിൽ ദളിത് സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിൽ കോൺഗ്രസിന് സംഭവിച്ച പാളിച്ചകൾ പരസ്യമായി സമ്മതിച്ച് രാഹുൽ ഗാന്ധി. എൺപതുകളിലും തൊണ്ണൂറുകളിലും ദളിത് വിഭാഗങ്ങൾക്കായി കോൺഗ്രസ് കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ പ്രാദേശിക പാർട്ടികൾ വളരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പട്ടികജാതി വിഭാഗത്തിന്റെ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ.

“എൺപതുകളിലും തൊണ്ണൂറുകളിലും ദളിത് വിഭാഗങ്ങൾക്കായി കോൺഗ്രസ് കൃത്യമായ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിൽ, ജാതി അടിസ്ഥാനമാക്കിയുള്ള പ്രാദേശിക പാർട്ടികൾ രൂപപ്പെടുകയോ ദളിത് വോട്ടർമാർ ആ പാർട്ടിക്കൊപ്പം നിലകൊള്ളുകയോ ചെയ്യുമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഇനി മുതൽ കോൺഗ്രസ് പാർട്ടിയിൽ ദളിതർ കേന്ദ്രസ്ഥാനങ്ങളിലുണ്ടാകുമെന്നും രാഹുൽ ഉറപ്പുനൽകി.

ബാബാ സാഹിബ് അംബേദ്കറുടെ സ്വപ്നങ്ങൾ കോൺഗ്രസ് നിറവേറ്റുമെന്നും ദളിത് അവകാശങ്ങളുടെ സംരക്ഷകരായി പാർട്ടി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദളിത് ജനവിഭാഗങ്ങളെ രാഷ്ട്രീയമായി ഒന്നിപ്പിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്ത ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സ്ഥാപകൻ കാൻഷി റാമിനെ രാഹുൽ പ്രശംസിച്ചു.

ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനമുന്നയിക്കാനും രാഹുൽ മറന്നില്ല.

“ബി.ജെ.പി ഒരു വശത്ത് പ്രാദേശിക പാർട്ടികളെ തകർക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ദളിതരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നു. ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ്,” അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണഘടന ഉയർത്തിപ്പിടിച്ചു നടത്തിയ പ്രചാരണം ദളിത്-പിന്നാക്ക വോട്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞയാഴ്ച റായ്ബറേലിയിൽ ദളിത് സ്വാതന്ത്ര്യസമര പോരാളി വീര പാസിയുടെ പ്രതിമ രാഹുൽ അനാച്ഛാദനം ചെയ്തിരുന്നു.

ഒ.ബി.സി വിഭാഗത്തോടും മുൻപ് കോൺഗ്രസ് നീതി കാട്ടിയില്ലെന്ന് സമ്മതിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്ത രാഹുൽ ഗാന്ധി, രാജ്യവ്യാപകമായി ജാതി സെൻസസ് വേണമെന്ന ആവശ്യവും ശക്തമാക്കിയിട്ടുണ്ട്.

പഴയകാല വീഴ്ചകൾ സമ്മതിച്ച് ദളിത് വിഭാഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ ഈ പുതിയ തന്ത്രം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എത്രത്തോളം ഫലം കാണുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.

 

Content Highlight: Rahul Gandhi admits Congress’s failures in addressing Dalit community in past decades

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.