നജീം കോയ സംവിധാനം ചെയ്ത് റഹ്‌മാന്‍ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ വെബ് സീരീസാണ് ‘1000 ബേബീസ്’. റഹ്‌മാന്റെ കരിയറിലെ ആദ്യ വെബ് സീരീസാണ് ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തിയ ഈ ത്രില്ലര്‍ സീരീസ് മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ്.

ഇതില്‍ റഹ്‌മാന് പുറമെ നീന ഗുപ്തയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സാറാമ്മ എന്ന കഥാപാത്രമായാണ് നീന എത്തിയത്. ഇപ്പോള്‍ നീന ഗുപ്തയെ കുറിച്ച് പറയുകയാണ് റഹ്‌മാന്‍. കേരളത്തില്‍ സിനിമ കാണുന്ന സാധാരണ ആളുകള്‍ക്ക് പോലും അവരെ അറിയാമെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് നടന്‍ പറയുന്നത്.

‘നീന ഗുപ്ത മാമിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. അവരുടെ സോഷ്യലായ കാര്യങ്ങളെ കുറിച്ചല്ല പറയുന്നത്. കേരളത്തില്‍ എല്ലാവര്‍ക്കും നീനാജിയെ അറിയാം. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അത് തീര്‍ച്ചയായും അവര്‍ മുമ്പ് ചെയ്തിട്ടുള്ള വര്‍ക്ക് കാരണമാണ്.

മലയാളികളായ ഞങ്ങളൊക്കെ ആദ്യം മലയാള സിനിമകള്‍ മാത്രമായിരുന്നു കണ്ടിരുന്നത്. മലയാളികളായ ആക്ടേഴ്‌സിനെ കുറിച്ച് മാത്രമായിരുന്നു അറിവുണ്ടായിരുന്നുള്ളൂ. പിന്നെ തൊട്ടടുത്തുള്ള സംസ്ഥാനമായത് കൊണ്ട് കുറച്ചൊക്കെ തമിഴും അറിയാമായിരുന്നു. അതുകൊണ്ട് തമിഴ് സിനിമകളും കണ്ടുതുടങ്ങി. പിന്നീട് തെലുങ്കും കണ്ടു. ആ ഭാഷകളിലെ ആക്ടേഴ്‌സിനെ പരിചയമായി.

എന്നാല്‍ നീനാജിയുടെ വര്‍ക്ക് കേരളത്തില്‍ മിക്കവരും കണ്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇഷ്ടമാകുകയും ചെയ്തിട്ടുണ്ട്. സീരീസില്‍ നീന ഗുപ്തയും ഉണ്ടെന്ന് പറയുമ്പോള്‍ എല്ലാവരും നീന ഗുപ്തയുമുണ്ടോയെന്ന് അത്ഭുതത്തോടെയാണ് ചോദിക്കുന്നത്.

ഞാന്‍ പറയുന്നത് സിനിമാ ഇന്‍ഡസ്ട്രിയിലുള്ള ആളുകളെ കുറിച്ചല്ല. സിനിമ കാണുന്ന സാധാരണക്കാരായ ആളുകളെ കുറിച്ചാണ്. ഞങ്ങള്‍ 1000 ബേബീസിന്റെ സബ്‌ജെക്ട് പറയുമ്പോള്‍ അതില്‍ ആരാണ് സാറാമ്മയുടെ കഥാപാത്രം ചെയ്യുന്നതെന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചിരുന്നു. നീന ഗുപ്തയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഞാന്‍ അങ്ങനെയൊരു കാസ്റ്റിങ് പ്രതീക്ഷിച്ചിരുന്നില്ല,’ റഹ്‌മാന്‍ പറഞ്ഞു.


Content Highlight: Rahman Talks About Neena Gupta