കിരീടത്തില്‍ എട്ടാം തവണയും മുത്തമിട്ട് നദാല്‍
DSport
കിരീടത്തില്‍ എട്ടാം തവണയും മുത്തമിട്ട് നദാല്‍
ന്യൂസ് ഡെസ്‌ക്
Monday, 10th June 2013, 10:50 am

[]പാരീസ്: പരിക്കില്‍ നിന്നും തിരിച്ചെത്തിയ ടെന്നീസിന്റെ രാജകുമാരന്‍ തന്റെ രണ്ടാം വരവ് ഗംഭീരമാക്കി. തന്റെ എട്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം തികഞ്ഞ ആധികാരികതയോടെ സ്വന്തമാക്കിയാണ് താരം തന്റെ തിരിച്ചുവരവ് ആഘോഷിച്ചിരിക്കുന്നത്.

തന്റെ പ്രിയപ്പെട്ട കളിമണ്‍ കോര്‍ട്ടില്‍ ഡേവിഡ് ഫെററെ തോല്‍പ്പിച്ചാണ് നദാല്‍ തന്റെ എട്ടാം ഫ്രഞ്ച് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-3, 6-2, 6-3.[]

ഒരേ ഗ്രാന്‍ഡ് സ്ലാം കിരീടം എട്ട് തവണ സ്വന്തമാക്കിയ ആദ്യ താരം എന്ന ബഹുമതി കൂടി ഇനി നദാലിന് സ്വന്തം. പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ മാച്ച് വിന്‍ നേടുന്ന താരവും ഇനി നദാലാണ്.

ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് സ്പാനിഷ് താരങ്ങള്‍ ഏറ്റുമുട്ടുന്നത്. റോളണ്ട് ഗരോസില്‍ നടന്ന മത്സരത്തില്‍ തീര്‍ത്തും ആധികാരികമായിരുന്നു നദാലിന്റെ വിജയം.

പരിക്ക് മൂലം എട്ട് മാസത്തോളം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്ന താരം തന്റെ തിരിച്ചു വരവ് രാജകീയമാക്കുകയായിരുന്നു. 2005 മുതല്‍ 2008 വരെ നദാലായിരുന്നു ഫ്രഞ്ച് കിരീടത്തില്‍ മുത്തമിട്ടിരുന്നത്.

കരിയറില്‍ ഇതുവരെ 56 കിരീടങ്ങള്‍ ഈ ഇരുപത്തിയേഴ്കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്.