1978-ല്‍ പുറത്തിറങ്ങിയ കിഴക്കേ പോകും റെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് രാധിക. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം സിനിമകളില്‍ അഭിനയിച്ച താരം തുടക്കകാലത്ത് ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. രാമലീല, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയവ രാധിക ഭാഗമായ മലയാള ചിത്രങ്ങളാണ്.

തന്റെ 63ാമത്തെ വയസിലും നമ്മളെ ഞെട്ടിക്കുന്ന രാധികയാണ് ബിഗ് സ്‌ക്രീനില്‍ കാണുന്നത്. രാധികയുടേതായി തിയേറ്ററുകൡലെത്തിയ, തായ് കിഴവി മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചെറിയ ബജറ്റില്‍ എത്തിയ സിനിമ ഇതിനോടകം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി.

ഇപ്പോള്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് രാധിക. തുടക്കത്തില്‍ തമിഴ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന താന്‍ പിന്നീട് തെലുങ്ക് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും അവിടെ മികച്ച അഭിനയം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നും രാധിക പറഞ്ഞു.

‘അതുകണ്ടിട്ട് എനിക്ക് തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങി. അതിനു ശേഷം തമിഴ്, മലയാളം, തെലുങ്ക് എന്നിങ്ങനെ എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ ഞാന്‍ ചെവിക്കൊള്ളാറില്ല. നമ്മള്‍ എന്തുചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അത് നമുക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ’ എന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.

ഞാന്‍ മിനിസ്‌ക്രീനില്‍ വന്നപ്പോള്‍ എന്നെ കാണുന്ന ഓരോരുത്തരും എനിക്ക് മിനിസ്‌ക്രീന്‍ പറ്റിയതല്ല എന്നുപറഞ്ഞു. എന്നാല്‍ മിനി സ്‌ക്രീനില്‍ എനിക്ക് വിജയിക്കാന്‍ കഴിയും എന്ന് വിശ്വസിച്ച് ഞാന്‍ ഇറങ്ങി. സിനിമയില്‍ നായികയായി അഭിനയിച്ച നടി, മിനി സ്‌ക്രീനില്‍ ചേച്ചി, അമ്മ എന്നീ കഥാപാത്രങ്ങള്‍ക്കേ അനുയോജ്യയാവൂ എന്ന് മറ്റുള്ളവരാണ് തീരുമാനിക്കുന്നത്,’ രാധിക പറഞ്ഞു.

തന്റെ ജീവിതം മറ്റുള്ളവര്‍ തീരുമാനിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അതുകൊണ്ട് മിനിസ്‌ക്രീനില്‍ തനിക്ക് പറ്റിയ ശക്തമായ വേഷങ്ങള്‍ താന്‍ ചെയ്തുവെന്നും രാധിക പറയുന്നു. ‘താന്‍ ചിത്തി’ എന്ന സീരിയല്‍ തുടങ്ങി, ഒരു സീരിയല്‍ നിര്‍മാണ സ്ഥാപനവും തുടങ്ങിയെന്നും അതിലൂടെ താന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചുവെന്നും രാധിക പറയുന്നു. എന്നാല്‍ അതിലൂടെ പണം ഒരുപാട് നഷ്ടപ്പെട്ടുവെന്നും പണം എന്നാല്‍ അത് തന്നെ ബാധിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. പണത്തെക്കുറിച്ച് ഞാന്‍ വേവലാതിപ്പെടാറില്ലെന്നും രാധിക പറഞ്ഞു.

നവാഗതനായ ശിവകുമാര്‍ മുരുഗേശന്റെ സംവിധാനത്തില്‍ പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തിയേകന്‍ പ്രൊഡക്ഷന്‍നും ചേര്‍ന്നാണ് തായ് കിഴവി നിര്‍മിച്ചത്. പവുനുത്തായ് എന്ന കരുത്തുറ്റ ഗ്രാമീണ വനിതയെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്.

 

Content Highlight:  Radhika talks about her film career and her time acting in serials