ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഉര്‍വില്‍ പട്ടേലിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ച് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഐ.പി.എല്‍ 2026ലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്സാണ് ഉര്‍വില്‍ നടത്തിയെന്നും ഏഴ് വര്‍ഷമായി 180+ റണ്‍സ് ചെയ്സ് ചെയ്യാത്ത സി.എസ്.കെ അത് വളരെ അനായാസമായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഉര്‍വിലിനെ ടോപ് ഓഡറില്‍ കളിപ്പിക്കണമെന്നും താരം പവര്‍ പ്ലേയില്‍ നടത്തിയ അതേ ബാറ്റിങ് തന്നെ തുടര്‍ന്നാല്‍ ചെന്നൈയ്ക്ക് തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
ആർ. അശ്വിൻ..Photo: Hello Cricket/x.com
‘ഐ.പി.എല്‍ 2026ലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്സായിരുന്നു ഉര്‍വില്‍ പട്ടേലിന്റേത്. കഴിഞ്ഞ ഏഴ് വര്‍ഷമായിട്ട് സി.എസ്.കെ 180+ റണ്‍സ് ചെയ്സ് ചെയ്തിരുന്നില്ല. എന്നാല്‍, അവന്റെ പ്രകടനത്തിന്റെ കരുത്തില്‍ എത്ര അനായാസമായാണ് അവര്‍ ജയിച്ചത്. ബാറ്റിങിനിടയില്‍ ഒരു സിംഗിള്‍ എടുക്കാന്‍ പോലും അവന്‍ ചിന്തിച്ചിട്ടില്ല.
ഉര്‍വില്‍ റെക്കോഡ് തകര്‍ക്കുമെന്നാണ് ഞാന്‍ കരുതിയത്. അവന്‍ ഇതേ ശൈലിയില്‍ തന്നെ തുടര്‍ന്നും ബാറ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ഇത് പോലൊരു പവര്‍പ്ലേ ലഭിച്ചാല്‍ സി.എസ്.കെയ്ക്ക് തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ നേടാന്‍ സാധിച്ചേക്കും.
ആരെങ്കിലും ഈ വിധം കളിച്ചാല്‍ പവര്‍ പ്ലേയില്‍ തന്നെ അവര്‍ മത്സരങ്ങള്‍ വിജയിക്കും. ഋതുരാജ് ഗെയ്ക്വാദിന് അവന്റെ ടെമ്പോ മാറ്റി കളിക്കാം. കാര്‍ത്തിക ശര്‍മ ചെയ്യുന്നത് എന്താണോ അത് അവനും ചെയ്യാം. ഉര്‍വിലിനെ എന്തിന് ലോവര്‍ ഓഡറില്‍ കളിപ്പിക്കുന്നു. അവനെ ടോപ് ഓര്‍ഡറില്‍ ഇറക്കണം. അങ്ങനെയെങ്കില്‍ പവര്‍പ്ലേയില്‍ തന്നെ അവന്‍ മത്സരം അവസാനിപ്പിക്കും,’ അശ്വിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരായ മത്സരത്തില്‍ ഉര്‍വില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 25 പന്തുകളില്‍ നിന്ന് 65 റണ്‍സായിരുന്നു താരത്തിന്റെ ഈ മത്സരത്തിലെ സമ്പാദ്യം. എട്ട് സിക്‌സുകളും രണ്ട് ഫോറുകളുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. 282.61 സ്‌ട്രൈക്ക് റേറ്റിലായിരുന്നു 27 കാരന്റെ ഇന്നിങ്സ്. വെറും 13 പന്തിലായിരുന്നു താരം അര്‍ധ സെഞ്ച്വറി തികച്ചത്.
Content Highlight: R Ashwin praises Urvil Patel’s innings as most important innings in IPL 2026