പുഷ്പയുടെ വിജയം ആഘോഷിച്ച് അമുല്‍ ഡയറി ഫാം. പുഷ്പ സിനിമയിലെ അല്ലു അര്‍ജുന്റേയും രശ്മികയുടെയും കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് അമുലിന്റെ പുതിയ കാര്‍ട്ടൂണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ആക്ഷന്‍ ഡ്രാമ ചിത്രം വലിയ വിജയമാണ് എന്നാണ് കാര്‍ട്ടൂണിനൊപ്പം ക്യാപ്ഷന്‍ കൊടുത്തത്.

അമുലിന് നന്ദി അറിയിച്ച് അല്ലു അര്‍ജുനും രംഗത്തെത്തി. അല്ലുവില്‍ നിന്ന് മല്ലുവിലേക്കും പിന്നെ അമുലു അര്‍ജുനിലേക്കും എന്നാണ് അല്ലു അര്‍ജുന്‍ കമന്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 29 തിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.

മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.


Content Highlight: pushpa-gets-the-cutest-tribute-from-amul-allu-arjun-says-allu-to-mallu-to-amullu-arjun