ഒടുവിൽ ഹൈദരാബാദും, 2026ൽ എല്ലാ ടീമും 'പുറത്തായി'; ഇതുവരെ വീഴാത്തത് പഞ്ചാബ് മാത്രം
Cricket
ഒടുവിൽ ഹൈദരാബാദും, 2026ൽ എല്ലാ ടീമും 'പുറത്തായി'; ഇതുവരെ വീഴാത്തത് പഞ്ചാബ് മാത്രം
സുദേവ് എ
Sunday, 3rd May 2026, 7:48 pm

ഐ.പി.എല്ലില്‍ തുടർച്ചയായ അഞ്ച് വിജയത്തിന് ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ നാലാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പരാജയപ്പെടുത്തിയത്.

ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറില്‍ 165 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന കെ.കെ.ആര്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓറഞ്ച് ആര്‍മി സീസണില്‍ ആദ്യമായി ഓള്‍ ഔട്ടായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി ഹൈദരാബാദ് ബാറ്റിങ് നിരയെ തകര്‍ക്കുകയായിരുന്നു. വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അനുകൂല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഈ മത്സരത്തില്‍ ഹൈദരാബാദ് ഓള്‍ ഔട്ടായതോടെ ഈ സീസണില്‍ ഓള്‍ ഔട്ടാവാതെ നിലനില്‍ക്കുന്ന ടീം പഞ്ചാബ് കിങ്സ് മാത്രമായി മാറി. ഹൈദരാബാദിന് പുറമെ ബാക്കിയുള്ള എട്ട് ടീമുകളും ഇതിനോടകം തന്നെ ഈ സീസണില്‍ പുറത്തായിട്ടുണ്ട്.

2026 ഐ.പി.എല്ലില്‍ ഓള്‍ ഔട്ടായ ടീം, എതിരാളി, റണ്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ്-155

ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ്-100

മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്സ്-104

ചെന്നൈ സൂപ്പര്‍ കിങ്സ്-രാജസ്ഥാന്‍ റോയല്‍സ്-127

രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ്-159

സണ്‍റൈസേഴ്സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-165

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഗുജറാത്ത് ടൈറ്റന്‍സ്-180

ദല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-75

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്-ദല്‍ഹി ക്യാപിറ്റല്‍സ്-141

അതേസമയം ഈ സീസണില്‍ ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്സ് ഈ സ്വപ്നതുല്യമായ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ എട്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് മത്സരവും വിജയിച്ചുകൊണ്ട് പ്ലേ ഓഫിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ് പഞ്ചാബ്.

ക്യാപ്റ്റന്‍സി മികവ് കൊണ്ടും മിന്നുന്ന ബാറ്റിങ് പ്രകടനങ്ങള്‍ കൊണ്ടും ഈ സീസണിലും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍. പഞ്ചാബിനൊപ്പം മാത്രം ഒതുങ്ങുന്നതല്ല പഞ്ചാബിന്റെ പോരാട്ടവീര്യങ്ങള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 2024ല്‍ കിരീടം നേടിക്കൊടുത്ത അയ്യര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്കും കൈപിടിച്ചുയര്‍ത്തി.

ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com

കഴിഞ്ഞ സീസണില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ കലാശ പോരാട്ടത്തിലേക്ക് നയിച്ചതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും അയ്യര്‍ കൈപ്പിടിയിലാക്കിയിരുന്നു.

Content Highlight: Punjab Kings is the only team to never all out in 2026 ipl season

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.