അങ്ങനെ മുരുകന്‍ ലിസ്റ്റില്‍ നിന്നും വിടപറയുകയാണ് സുഹൃത്തുക്കളെ; ചിറകുവിടര്‍ത്തി മലയാളം സിനിമ
Malayalam Cinema
അങ്ങനെ മുരുകന്‍ ലിസ്റ്റില്‍ നിന്നും വിടപറയുകയാണ് സുഹൃത്തുക്കളെ; ചിറകുവിടര്‍ത്തി മലയാളം സിനിമ
അശ്വിന്‍ രാജേന്ദ്രന്‍
Monday, 25th May 2026, 7:22 pm

കിങ് ഖാനും രജിനികാന്തും പ്രഭാസുമടക്കം വന്‍പുലികള്‍ വാഴുന്ന കൊടുകാടാണ് ഇന്ത്യന്‍ സിനിമ. വിജയചിത്രങ്ങളുടെ ബെഞ്ച്മാര്‍ക്കെന്നത് ആയിരം കോടിയിലെത്തി നില്‍ക്കുമ്പോള്‍ കണക്കുകള്‍ക്കും കോടികള്‍ക്കും കാര്യമായി ആവേശമില്ലാതെ മാറുന്ന കാഴ്ച്ചയ്ക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായ കാര്യങ്ങള്‍ക്കാണ് മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. ക്ലീഷേ മാസ് ആക്ഷന്‍ പാറ്റേണുകളില്ലാതെ തിയേറ്ററുകളിലെത്തുന്ന പരീക്ഷണ ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്.

ഇപ്പോഴിതാ നൂറ് കോടി ക്ലബ്ബിലേക്ക് മലയാളത്തില്‍ നിന്നും പുതിയ എന്‍ട്രിയായി എത്തിയിരിക്കുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി മെയ് 21 ന് തിയേറ്ററുകളിലെത്തിയ ദൃശ്യം 3. ഓപ്പണിങ്ങ് വീക്കെന്‍ഡില്‍ 141 കോടിയിലധികം നേടിയതോടെയാണ് ചിത്രം അതിവേഗം ലിസ്റ്റിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പുറമെ മറ്റൊരു കാര്യമാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ദൃശ്യം 3യുടെ വരവോടെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്നും മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായ പുലിമുരുകന്‍ പുറത്തായ വാര്‍ത്തയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പുലിമുരുകന്‍. Photo: Scroll.in

നീണ്ട പത്ത് വര്‍ഷങ്ങള്‍ ലിസ്റ്റിലുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രത്തെ മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് പതിനൊന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടിയിരിക്കുന്നതെന്ന സവിശേഷതയും ഇതോടെ കൈവന്നിരിക്കുകയാണ്. 2016ല്‍ വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെയെല്ലാം മറികടന്ന് കൊണ്ടായിരുന്നു നൂറ് കോടി ക്ലബ്ബെന്ന നേട്ടത്തില്‍ ഇടം പിടിച്ചത്. വര്‍ഷങ്ങളായുള്ള മലയാള സിനിമയുടെ നൂറ് കോടി ക്ലബ്ബിനായുള്ള കാത്തിരിപ്പിനായിരുന്നു പുലിമുരുകന്‍ അന്ത്യം കുറിച്ചത്.

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തന്നെ നായകനായ ലൂസിഫറിലൂടെയായിരുന്നു രണ്ടാമത്തെ നൂറ് കോടി ചിത്രം മലയാളത്തില്‍ നിന്നും ഉടലെടുത്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വ്യത്യസ്ത ഴോണറുകളില്‍ പെട്ട ഒട്ടനവധി ചിത്രങ്ങളാണ് നൂറ് കോടിയെന്ന നേട്ടം കൈവരിച്ചത്. ഇതില്‍ 200 കോടി പിന്നിട്ട തുടരും, വാഴ 2, മഞ്ഞുമ്മല്‍ ബോയ്‌സ്, എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളും 300 കോടി പിന്നിട്ട ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയും ഉള്‍പ്പെടുന്നു.

ദൃശ്യം 3. Photo: District

അതിവേഗം ബോക്‌സ് ഓഫീസ് കുതിപ്പ് നടത്തുന്ന ദൃശ്യം 3 വാഴ 2വിന്റെ പേരിലുള്ള ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡ് വെട്ടിക്കുമെന്ന് ഇതിനോടകം ഉറപ്പായിരിക്കുകയാണ്. അഞ്ചാം ദിനമായ തിങ്കളാഴ്ച്ചയും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ ലിസ്റ്റില്‍ ലോകഃയുടെ സ്ഥാനവും ഭദ്രമല്ലെന്ന സൂചനയും ദൃശ്യം 3 നല്‍കുന്നു.

Content Highlight: Pulimurugan out of top 10 grossing list of Malayalam movies after drishyam 3 entry

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.