മലയാള സിനിമയിലെ ക്ലാസിക് സിനിമയാണ് ‘തേന്മാവിൻ കൊമ്പത്ത്’. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു, കെ.പി.എ.സി.ലളിത, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ, ശങ്കരാടി, കുതിരവട്ടം പപ്പു തുടങ്ങിയ മലയാള സിനിമയിലെ പ്രധാന താരനിര തന്നെ വേഷമിട്ടിരുന്നു. 32 വർഷത്തിന് ശേഷം 4k ദൃശ്യമികവോടെ സിനിമ റീ-റിലീസിനെത്തിയിരിക്കുകയാണ്.
എല്ലാ കാലത്തേക്കുമുള്ള സിനിമയാണ് ‘തേന്മാവിൻ കൊമ്പത്ത്’ എന്നാണ് നടൻ ശ്രീകാന്ത് മുരളി ചിത്രത്തെപ്പറ്റി പറയുന്നത്. റീ-റിലീസുമായ് ബന്ധപ്പെട്ട് ദി ക്യൂവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
’32 വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ കണ്ടവർ ഇന്നും ഇപ്പോഴും ഈ സിനിമ കാണുമ്പോൾ ആ ഓർമകളിലേക്കും കൂടിയാണ് പോവുന്നത്. ഈ സിനിമ എല്ലാ കാലത്തേക്കും കൂടിയുള്ള സിനിമയാണ്. എവർഗ്രീൻ ഫിലിംസ് ഗണത്തിൽപ്പെടുന്ന സിനിമയാണിത്.
ലാൽ സാറിന്റെയും, ശോഭന മേമിന്റെയും, പൊന്നമ്മ ചേച്ചിയുടെയും, നെടുമുടി വേണു ചേട്ടന്റെയും, ശ്രീനി ചേട്ടന്റെയും, ശരത് സക്‌സേന സാറിന്റെയും, കുതിരവട്ടം പപ്പു, ശങ്കരാടി ചേട്ടൻ എന്നിവരുടെയൊക്കെ പെർഫോമൻസ് ഗംഭീരമാണ്. ഇവരുടെ കൂടെയൊക്കെ പല സമയത്തായ് പണിയെടുക്കാൻ പറ്റിയൊരാളാണ് ഞാൻ. ഈ സിനിമ കണ്ടപ്പോൾ പല ഓർമകളിലൂടെയും ഞാൻ കടന്നുപോയി.’ ശ്രീകാന്ത് മുരളി പറഞ്ഞു.

തേന്മാവിൻ കൊമ്പത്തിലെ രംഗം Photo.Screen Grab/Youtube.com
രാജസ്ഥാനി തൊപ്പി വെച്ച് കന്നടവും മലയാളവും പറയുന്ന ആളുകൾ എന്നത് മാജിക്കൽ റിയലിസമാണെന്നും അങ്ങനെ കാണുന്നവർക്ക് അതൊരു പഴയ സിനിമയാകില്ലായെന്നും പറയുകയാണ് ശ്രീകാന്ത് മുരളി. ചില സിനിമകളും അതിലെ ഇമോഷൻസും അങ്ങനെയാണ്, അതെല്ലാ കാലത്തും പുതിയതായിരിക്കുമെന്ന് നടൻ പറഞ്ഞു. അങ്ങനെ എന്നും പുതിയതായി നിൽക്കുന്ന വളരെ അപൂർവ്വം സിനിമകളെ നമുക്കുള്ളൂവെന്നും ആ ഗണത്തിൽപ്പെട്ട ഒന്നാണ് ‘തേന്മാവിൻ കൊമ്പത്തെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേന്മാവിൻ കൊമ്പത്തിലെ രംഗം Photo.Screen Grab/Youtube.com
1994ൽ ബോക്സ് ഓഫീസിൽ ഹിറ്റ് സൃഷ്‌ടിച്ച സിനിമയായിരുന്നു ‘തേന്മാവിൻ കൊമ്പത്ത്’. നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സിനിമക്ക് ലഭിച്ചിട്ടുണ്ട്. സിനിമയിലെ പാട്ടുകളെല്ലാം ഇന്നും ജനപ്രിയപാട്ടുകളാണ്. ‘കറുത്ത പെണ്ണേ’,’മാനം തെളിഞ്ഞേ നിന്നാൽ’,’നിലാപൊങ്കലായീലോ’,’കള്ളിപ്പൂങ്കുയിലെ’ തുടങ്ങിയ സിനിമയിലെ എല്ലാ പാട്ടുകളും എവർഗ്രീൻ സൂപ്പർഹിറ്റുകളാണ്. ചിത്രത്തിൽ സംഗീതം ഒരുക്കിയത് ബേണി-ഇഗ്നേഷ്യസും പശ്ചാത്തല സംഗീതം ഒരുക്കിയത് എസ്.പി.വെങ്കിടേഷുമാണ്.
Content Highlight: ‘Thenmavin Kombath’ is a film for all times; certain movies and the emotions within them remain fresh forever said Sreekanth Murali
