നിരാശനാകാന്‍ എംബാപ്പെയ്ക്ക് മറ്റൊരു കാരണം കൂടി; റയലിന്റെ നേട്ടത്തിനൊപ്പം, ചരിത്രമെഴുതി പി.എസ്.ജി
Sports News
നിരാശനാകാന്‍ എംബാപ്പെയ്ക്ക് മറ്റൊരു കാരണം കൂടി; റയലിന്റെ നേട്ടത്തിനൊപ്പം, ചരിത്രമെഴുതി പി.എസ്.ജി
ആദർശ് എം.കെ.
Thursday, 13th August 2026, 7:21 am

യുവേഫ സൂപ്പര്‍ കപ്പില്‍ കിരീടം നിലനിര്‍ത്തി യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെര്‍മെയ്ന്‍. സാല്‍സ്‌ബെര്‍ഗിലെ റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ യുവേഫ യൂറോപ്പ ചാമ്പ്യന്‍മാരായാ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ കിരീടം നിലനിര്‍ത്തിയത്.

ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് വമ്പന്‍മാരുടെ വിജയം.

മത്സരത്തില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് പി.എസ്.ജി കിരീടം നിലനിര്‍ത്തിയത്. ടീമിനായ ക്വിച്ച ക്വാരത്‌ഷെലിയയും ഡിസൈര്‍ ഡുവോയും ഗോള്‍ നേടിയപ്പോള്‍ ബ്രയന്‍ മാഡ്‌ജോയാണ് വില്ലന്‍സിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഈ വിജയത്തോടെ ഒരു ചരിത്ര നേട്ടവും പി.എസ്.ജി സ്വന്തമാക്കി. യുവേഫ സൂപ്പര്‍ കപ്പ് നിലനിര്‍ത്തുന്ന ചരിത്രത്തിലെ മൂന്നാമത് ടീം എന്ന നേട്ടമാണ് പി.എസ്.ജി തങ്ങളുടെ പേരിന് നേര എഴുതിച്ചേര്‍ത്തത്.

1989, 1990 വര്‍ഷങ്ങളില്‍ എ.സി. മിലാനും 2016, 2017 വര്‍ഷങ്ങളില്‍ റയല്‍ മാഡ്രിഡുമാണ് ഇത്തരത്തില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗും യുവേഫ സൂപ്പര്‍ കപ്പും സ്വന്തമാക്കിയ ടീമുകള്‍.

ഇതിനൊപ്പം ഒരു സീസണില്‍ ആറ് കിരീടങ്ങളെന്ന സെക്സ്റ്റപ്പിള്‍ നേട്ടത്തിലും എന്‌റിക്വിന്റെ കുട്ടികളെത്തി. ലീഗ് വണ്ണിന് പുറമെ ഫ്രഞ്ച് കപ്പും ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടി ഡൊമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയ പി.എസ്.ജി, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് എന്നിവയും നേരത്തെ സ്വന്തമാക്കിയിരുന്നു.

ചാമ്പ്യന്‍സ് ലീഗുമായി. Photo: PSG/x.com

ഇതിന് മുമ്പ് രണ്ട് ടീമുകള്‍ക്ക് മാത്രമാണ് ഒരു സീസണില്‍ ആറ് കിരീടങ്ങള്‍ നേടാന്‍ സാധിച്ചത്. 2009ല്‍ ബാഴ്‌സലോണയ്ക്കും 2020ല്‍ ബയേണ്‍ മ്യൂണിക്കിനും. ഇരു ടീമുകളും ഡൊമസ്റ്റിക് ട്രെബിളിനും യുവേഫ കിരീടങ്ങള്‍ക്കും പുറമെ ഫിഫ വേള്‍ഡ് കപ്പും നേടിയാണ് സെക്സ്റ്റപ്പിള്‍ നേട്ടം പൂര്‍ത്തിയാക്കിയത്.

Photo: 433/x.com

ലാലിഗ, സൂപ്പര്‍ കോപ്പ ഡ എസ്പാന, കോപ്പ ഡെല്‍ റേ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ലോകകപ്പ് എന്നീ കിരീടങ്ങള്‍ ബാഴ്‌സ സ്വന്തമാക്കിയപ്പോള്‍, ബുണ്ടസ് ലീഗ, ഡി.എഫ്.ബി പോക്ല്‍, ഡി.എഫ്.എല്‍ സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ലോകകപ്പ് എന്നീ കിരീടങ്ങളണിഞ്ഞാണ് ബവാരിയന്‍സ് ജര്‍മന്‍ ഫുട്‌ബോളിന് മറ്റൊരു ചരിത്രവും സമ്മാനിച്ചത്.

Photo: 433/x.com

അതേസമയം, കിരീടനേട്ടത്തിന്റെ ആവേശത്തിലാണ് പി.എസ്.ജി പുതിയ സീസണിനിറങ്ങുന്നത്. ഓഗസ്റ്റ് 22ന് ആരംഭിക്കുന്ന ലീഗ് വണ്ണിന്റെ പുതിയ സീസണിലും കിരീടം മാത്രമാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്.

24നാണ് പി.എസ്.ജി തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സസില്‍ നടക്കുന്ന പോരാട്ടത്തില്‍ റെന്നെസാണ് എതിരാളികള്‍.

 

Content highlight: PSG became 3rd team in the history to retain UEFA Super Cup

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.