റിയാദ്: ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണമായി സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇടം’ സാംസ്‌കാരിക വേദി ഫാസിസത്തിനെതിരെ കലാപ്രതിരോധം സംഘടിപ്പിച്ചു.
സുലൈ ഇസ്ത്രാഹയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഫാസിസത്തിനെതിരെ പാട്ടുകള്‍ പാടിയും ചിത്രങ്ങളും കാര്‍ട്ടൂണുകളും വരച്ചും കവിതകള്‍ അവതരിപ്പിച്ചും മ്യൂസിക് വീഡിയോ പ്രദര്‍ശിപ്പിച്ചുമായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ എംബസ്സി ബത്തയില്‍ വേദി വിലക്കിയതിനെത്തുടര്‍ന്ന് മാറ്റിവെച്ച പരിപാടി ഒരാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 14ന് വെള്ളിയാഴ്ചയാണ് നടന്നത്.
ഇന്ത്യയില്‍ നടക്കുന്ന ഷാഹീന്‍ബാഗ് പ്രതിഷേധത്തെ അനുസ്മരിപ്പിക്കുന്നതാണ് സുലൈ ഇസ്ത്രാഹയില്‍ സംഘടിപ്പിച്ച പരിപാടിയെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
സ്വന്തം കാല്‍പാദം ക്യാന്‍വാസില്‍ പതിപ്പിച്ച് നിജാസ് പൗരത്വ രജിസ്റ്ററിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹിദായത്ത് നിലമ്പൂര്‍, ആര്‍ട്ടിസ്റ്റ് ഉസ്മാന്‍ പാട്ടിയത്ത്, നന്ദിത, ഹനാന്‍, നദാഷ, സരയു കൃഷ്ണ, മുഹമ്മദ് ഷമീം എന്നിവരും ചിത്രങ്ങള്‍ വരച്ചു.
ഫൈസ് അഹമ്മദ് എഴുതിയ ‘ഹം ദേഖേങ്കേ’ എന്ന കവിത സരയു കൃഷ്ണ ആലപിച്ചു. സുബ്രഹ്മണ്യന്‍ മണി, നന്ദന്‍ തിരുവനന്തപുരം, ഫാറൂഖ് കതിരൂര്‍, ഷമീറ ഫാറൂഖ്, സലിം ആലപ്പുഴ, സാഹിദ് അലി, സനൂപ്, മുഹമ്മദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ഫാസിസത്തിനെതിരെ വരച്ച കാര്‍ട്ടൂണുകള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹിറ്റ്ലര്‍ നടപ്പിലാക്കിയ അതേ ഫാസിസ്റ്റ് രീതിയാണ് മോദി ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ അതിന്റെ ആദ്യ കാല്‍വെപ്പാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരെ വര്‍ഗ്ഗീയടിസ്ഥാനത്തില്‍ വിഭജിക്കുന്നതും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്പങ്ങള്‍ക്ക് എതിരാണെന്നും ചടങ്ങില്‍ സംസാരിച്ച സലിം മാഹി അഭിപ്രായപ്പെട്ടു.
‘പ്രവാസികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാനാണ് ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ എംബസ്സികള്‍ വഴി ശ്രമിക്കുന്നതെന്നും എന്നാല്‍ അവരുടെ ഭയപ്പെടുത്തലിന് വഴങ്ങിക്കൊടുക്കാന്‍ തങ്ങള്‍ക്ക് മനസ്സില്ല എന്ന പ്രഖ്യാപനമാണ് ഈ പരിപാടി എന്ന് സിദ്ദിഖ് നിലമ്പൂര്‍ പറഞ്ഞു. ‘ഒരേ സമയം സി.എ.എ-എന്‍.ആര്‍.സി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും അതേസമയം തന്നെ പൗരന്മാരെ യു.എ.പി.എ ചുമത്തിയും എന്‍.ഐ.എക്ക് കൈമാറിയും ഫാസിസ്റ്റ് ഭരണകൂടത്തോട് കൂറ് പ്രഖ്യാപിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ വിലാസം പരിപാടികളെ നാം തിരിച്ചറിയേണ്ടതുണ്ട്” സിദ്ധീഖ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുസ്തഫ കൂത്തുപറമ്പ്, ഹരികൃഷ്ണന്‍ പെരളശ്ശേരി, നന്ദന്‍ തിരുവനന്തപുരം, കഫൂര്‍ തിരുവനന്തപുരം, റാഹിലാ എന്നിവര്‍ സംസാരിച്ചു.
