മലയാളികള്‍ക്ക് മറക്കാനാകത്ത ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് മലയാളത്തിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്കെത്തിയിരിക്കുകയാണ്.
ഹെരാ ഫേരി, ഭൂല്‍ ഭുലയ്യ, ഭാഗം ഭാഗ്, ധോല്‍, ഖരം മസാല തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് ഹിന്ദിയില്‍ താരം സംവിധാനം ചെയ്തിട്ടുള്ളത്. അതിനിടെ നടന്‍ മോഹന്‍ലാലിനൊപ്പം തന്റെ നൂറാം സിനിമയുണ്ടാകുമെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.
കോമഡി ഴോണറില്‍ വരുന്ന സിനിമയായിരിക്കില്ല അതെന്നും സംഗീതത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള സിനിമയായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, തനിക്ക് സീരിയസ് സിനിമകള്‍ എടുക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു.
‘് സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് സീരിയസ് സിനിമകള്‍ എടുക്കാന്‍ ആണിഷ്ടം, എനിക്ക് കോമഡി സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ല. പക്ഷെ പലപ്പോഴും തമാശകള്‍ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മാത്രമല്ല ഇപ്പോള്‍ കോമഡിക്കുള്ള എന്റെ ഐഡിയകള്‍ എല്ലാം തീര്‍ന്ന മട്ടാണ്. അതിനാല്‍ തന്നെ ഞാന്‍ മുമ്പ് മോഹന്‍ലാലിനോടൊപ്പം ചെയ്ത് വെച്ച കാര്യങ്ങള്‍ ഇനിയും ഒന്നിക്കുമ്പോള്‍ റിപീറ്റ് ചെയ്യാന്‍ താല്പര്യമില്ല.
അതുകൊണ്ട് ഇനി ഞങ്ങള്‍ ഒന്നിച്ചാലോ അല്ലാതെയോ ഞാന്‍ ഒരു കോമഡി സിനിമ ചെയ്യും എന്ന് തോന്നുന്നില്ല. പക്ഷെ ഞാന്‍ എന്‍ജോയ് ചെയ്ത് ചെയ്ത കോമഡി സിനിമകളും ഉണ്ട്, അവയാണെങ്കില്‍ തിയേറ്ററില്‍ വിജയവുമായിരുന്നില്ല. അവയെല്ലാം പിന്നീട് ടിവിയിലും ഒ.ടി.ടിയിലും വന്നിട്ടാണ് എല്ലാവരും എന്‍ജോയ് ചെയ്തത്. ഇതെല്ലാം കണക്കിലെടുത്തായിരിക്കും മോഹന്‍ലാലിനോപ്പം അടുത്ത സിനിമ ചെയ്യുക ഇനി,’ പ്രിയദര്‍ശന്റെ വാക്കുകള്‍
കിലുക്കം, ചിത്രം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി 40ഓളം ചിത്രങ്ങളില്‍ നായകനായും അല്ലാതെയും മോഹന്‍ലാല്‍ പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരക്കാര്‍ അറബി കടലിന്റെ സിംഹം ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
പ്രിയദര്‍ശന്‍ അക്ഷയ് കുമാറുമായി കൈകോര്‍ക്കുന്ന ഭൂത് ബംഗ്ലാ റിലീസിനൊരുങ്ങുമ്പോള്‍ ഒപ്പത്തിന്റെ റീമേക്കായ ഹയ്വാന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ബോളിവുഡില്‍ ബാക്ക് ടു ബാക്ക് പ്രൊജക്ടുകള്‍ ചെയ്യുന്ന പ്രിയദര്‍ശന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയമാണ്.
Content Highlight: Priyadarshan says he prefers to do serious films