ഒരേ സീന്‍ തന്നെ എല്ലാ സിനിമയിലും എടുത്ത് വെച്ചിട്ട് മതിയായില്ലേ, ഗീതാജ്ഞലിയിലെ സീന്‍ ഭൂത് ബംഗ്ലായില്‍ കോപ്പിയടിച്ച പ്രിയദര്‍ശന് ട്രോള്‍ മഴ
Indian Cinema
ഒരേ സീന്‍ തന്നെ എല്ലാ സിനിമയിലും എടുത്ത് വെച്ചിട്ട് മതിയായില്ലേ, ഗീതാജ്ഞലിയിലെ സീന്‍ ഭൂത് ബംഗ്ലായില്‍ കോപ്പിയടിച്ച പ്രിയദര്‍ശന് ട്രോള്‍ മഴ
അമര്‍നാഥ് എം.
Saturday, 25th April 2026, 9:47 pm

ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനാണ് പ്രിയദര്‍ശന്‍. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളില്‍ ബ്ലോക്ക്ബസ്റ്ററുകളൊരുക്കാന്‍ പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം ബോളിവുഡിലേക്ക് പ്രിയദര്‍ശന്‍ തിരിച്ചെത്തിയ ഭൂത് ബംഗ്ല മികച്ച കളക്ഷനുമായി മുന്നേറുകയാണ്. അക്ഷയ് കുമാര്‍ നായകനായ ചിത്രം ഇതിനോടകം 100 കോടിയിലേറെ നേടിക്കഴിഞ്ഞു.

ബോളിവുഡിലെ ഹിറ്റ് കോമ്പോ ഒന്നിച്ച ഭൂത് ബംഗ്ലാ ഹിന്ദി ഓഡിയന്‍സ് ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. കണ്ടുശീലിച്ച ബോളിവുഡ് ഹൊറര്‍ കോമഡി സിനിമകളുടെ അതേ ടെംപ്ലേറ്റുകളെ ഉപയോഗിച്ച് ഒരു വ്യത്യാസവുമില്ലാതെയാണ് പ്രിയദര്‍ശന്‍ ഭൂത് ബംഗ്ലാ ഒരുക്കിയത്. ചിത്രത്തിലെ ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാജ്പാല്‍ യാദവ് അവതരിപ്പിച്ച ബല്ലി എന്ന കഥാപാത്രവും ഭാവന പനി അവതരിപ്പിച്ച രാഗിണി എന്ന കഥാപാത്രവും തമ്മിലുള്ള സീനാണ് വൈറലായത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പോയിലൊരുങ്ങിയ ഗീതാജ്ഞലി എന്ന ചിത്രത്തിലെ ഒരു രംഗം അതേപടി പകര്‍ത്തിവെച്ചിരിക്കുകയാണ് ഭൂത് ബംഗ്ലായില്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം മേരി എന്ന കഥാപാത്രവുമായിട്ടുള്ള ഒരു രംഗമാണ് ഭൂത് ബംഗ്ലായിലും പകര്‍ത്തിയത്.

അങ്ങേയറ്റം സ്ത്രീവിരുദ്ധമായ രംഗം ബോളിവുഡിലും ഇന്നത്തെ കാലത്ത് പകര്‍ത്തിവെച്ച പ്രിയദര്‍ശന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം അരോചകമായ രംഗങ്ങള്‍ ഒരു തവണ ചെയ്തതിന് പുറമെ വീണ്ടും ആവര്‍ത്തിച്ചതിനെയും പലരും വിമര്‍ശിക്കുന്നുണ്ട്. സ്വന്തം തെറ്റ് പ്രിയദര്‍ശന് ഒരിക്കലും മനസിലാകില്ലെന്ന് തോന്നുന്നെന്നും കമന്റുകളുണ്ട്.

ഇത് മാത്രമല്ല, കാലഹരണപ്പെട്ട പല രംഗങ്ങളും കോമഡിയെന്ന പേരില്‍ പ്രിയദര്‍ശന്‍ ഭൂത് ബംഗ്ലായില്‍ ചിത്രീകരിച്ചിട്ടുണ്ട്. കാലില്‍ കുടം കുടുങ്ങുമ്പോള്‍ അതുമായി നടക്കുക, കാലില്‍ പിടിച്ച് വലിക്കുന്നതിനൊപ്പം അണ്ടര്‍വെയറും കൂടെ പോരുക എന്നിങ്ങനെ ‘ഫ്രഷ് കോമഡി’കളുടെ കലവറ തന്നെയാണ് പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

കാക്കക്കുയില്‍, ഒരു മരുഭൂമിക്കഥ, ചന്ദ്രലേഖ തുടങ്ങി തന്റെ പഴയ സിനിമകളിലെ കോമഡി രംഗങ്ങളാണ് പ്രിയദര്‍ശന്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രം പുറത്തിറങ്ങിയതോടെ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പോയിലെ പുതിയ പ്രൊജക്ടില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്.

ധുരന്ധര്‍ 2ന് ശേഷം വലിയ റിലീസുകളൊന്നുമില്ലാതിരുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിക്ക് പുതിയൊരു ജീവന്‍ നല്‍കിയ ചിത്രമായാണ് പലരും ഭൂത് ബംഗ്ലായെ കണക്കാക്കുന്നത്. അക്ഷയ് കുമാറിനൊപ്പം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അസ്രാണി, പരേഷ് റാവല്‍, വാമിക ഗബ്ബി, തബു മനോജ് ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ 140 കോടിയിലേറെ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു.

Content Highlight: Priyadarshan getting criticisms for Bhoot Bangla movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം