2025 അവസാനത്തോടെ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ ചിരിപ്പിച്ച് മനസ്സ് നിറച്ച ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. നിവിന്‍പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടും ഡെലൂലു എന്ന കഥാപാത്രമായെത്തിയ പുതുമുഖം റിയ ഷിബുവിന്റെ പ്രകടനവും ചിത്രത്തെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാക്കുകയായിരുന്നു.
പ്രധാനകഥാപാത്രങ്ങള്‍ക്ക് പുറമെ ചിത്രത്തില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അല്‍ഫോണ്‍സ് പുത്രന്‍, അല്‍ത്താഫ് സലീം, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സര്‍വ്വം മായയുടെ രണ്ടാം പകുതിയില്‍ കാമിയോ റോളില്‍ എത്തിയ പ്രിയ വാര്യരുടെ കഥാപാത്രവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് പ്രഭേന്ദുവും ഡെലൂലുവും മുംബൈക്ക് പോകുന്ന ഫ്‌ളൈറ്റിലെ യാത്രക്കാരിയായി പ്രിയയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഇതേക്കുറിച്ച് പ്രിയ വാര്യര്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
രണ്ട് വര്‍ഷമായി അഖില്‍ സത്യനോട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്തെങ്കിലും റോളുണ്ടെങ്കില്‍ തന്നോട് പറയണം എന്ന് പറയാറുണ്ടായിരുന്നുവെന്ന് പ്രിയ പറയുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട കാമിയോ റോളുകള്‍ ഉണ്ടാവുമെന്ന് തനിക്കറിയാമായിരുന്നുവെന്നും അതിനാല്‍ കുറഞ്ഞ സമയത്തേക്കാണെങ്കിലും താന്‍ ഓക്കെ പറയുകയായിരുന്നുവെന്നും താരം പറഞ്ഞു.
‘ഒരു ദിവസം അഖില്‍ ചേട്ടന്‍ വിളിച്ചിട്ട് പറഞ്ഞു ഇങ്ങനെയൊരു റോളുണ്ടെന്നും വളരെ പ്രധാനപ്പെട്ട ഒരു ടേണിങ്ങ് പോയിന്റ് സീനാണെന്നും . എനിക്കൊന്നും ആലോചിക്കാനില്ല ഞാന്‍ ചെയ്യാം എന്നാണ് മറുപടി പറഞ്ഞത്. ഒരു ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സത്യം പറഞ്ഞാല്‍ ആ ഒറ്റ ദിവസം അവിടെ നിന്ന് എനിക്ക് ഒട്ടും മതിയായില്ല.
അത്രയ്ക്കും പോസിറ്റീവ് ആന്‍ഡ് പ്രൊഫഷണല്‍ ആയിട്ടുളള സെറ്റായിരുന്നു. അടിപൊളി എക്‌സ്പീരിയന്‍സ് ആയിരുന്നു നിവിന്‍ ചേട്ടന്റെയെല്ലാം കൂടെ. ആ ഒരു സീന്‍ നമ്മള്‍ ഒരു തയ്യാറെടുപ്പും ഇല്ലാതെ ചെയ്തതാണ്. വളരൈ കാന്‍ഡിഡ് ആയി കൈയ്യില്‍ നിന്നിട്ട് ചെയ്തതായിരുന്നു. സീനില്‍ തോണ്ടുന്നതും ശൂശൂ എന്ന വിളിക്കുന്നതുമെല്ലാം ഞങ്ങള്‍ തന്നെ ഉണ്ടാക്കിയെടുത്തതാണ്,’ പ്രിയ പറഞ്ഞു.
സിനിമയിറങ്ങി ആദ്യത്തെ ദിവസങ്ങളില്‍ആരും എന്റെ റോളിനെക്കുറിച്ച് ഫീഡ്ബാക്കുകളൊന്നും പറഞ്ഞിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് ആലോചിച്ച് ടെന്‍ഷനായെന്നും പിന്നീട് ഞാനുണ്ട് എന്ന സസ്‌പെന്‍സ് എല്ലാം പുറത്തുവിട്ടപ്പോഴാണ് ആളുകള്‍ അഭിനന്ദനമറിയിച്ചതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ പ്രഭേന്ദുവിന് അടുത്തിരിക്കുന്ന പ്രിയയുടെ കഥാപാത്രത്തിലേക്ക് ഡെലൂലു പരകായ പ്രവേശം നടത്തി സംസാരിക്കുന്നതും. പിന്നീട് ഡെലൂലു തിരിച്ചിറങ്ങിയതറിയാതെ പ്രിയയുടെ കഥാപാത്രത്തോട് സംസാരിക്കുമ്പോള്‍ പ്രഭേന്ദുവിന് അമളി പറ്റുന്നതുമാണ് പ്രിയ അഭിനയിച്ച രംഗം. അല്പ സമയത്തേക്കെങ്കിലും ഡെലൂലു ആയി പ്രിയയുടെ പ്രകടനവും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നും സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Priya P varrier talks about her cameo appearance in Sarvam Maya movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.