മലയാള സിനിമയിൽ നടൻ എന്നതിലുപരി സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ‘വാസ്തവം’, ‘മുംബൈ പൊലീസ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘ആടുജീവിതം’ തുടങ്ങി അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ച അദ്ദേഹം, ‘ലൂസിഫർ’, ‘ബ്രോ ഡാഡി’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയിലും വിജയം സ്വന്തമാക്കി. തന്റെ പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മകൾ അലംകൃതയുമായുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു താരം.
പൃഥ്വിരാജും കുടുംബവും.photo.The New Indian Express
‘എന്റെ സിനിമകളുടെ കാര്യം ഒഴിച്ചാൽ ബാക്കി എല്ലാ കാര്യങ്ങളിലും അവൾ അഭിപ്രായം പറയാറുണ്ട്. അവൾ ഇതുവരെ ഞാൻ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ല. ഇനി അവളെ എന്റെ സിനിമകൾ കാണിച്ചുതുടങ്ങാമെന്ന് എനിക്ക് തോന്നുന്നുണ്ട്. കാരണം അതിനുള്ള പ്രായവും പക്വതയും ഇപ്പോൾ അവൾക്കായിട്ടുണ്ട്. ഓരോരുത്തർക്കും അവർ കാണുന്നതിനെ മനസ്സിലാക്കാൻ ഒരു പ്രായം വേണ്ടതല്ലേ.
ഞാൻ എന്റെ മകളെ എന്റെ സിനിമകൾ കാണിച്ചിട്ടില്ലെന്ന് പറയുമ്പോൾ, നിങ്ങൾ കുടുംബസമേതം തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് പറയുന്ന ആളല്ലേ, എന്നിട്ടും സ്വന്തം മകളെ കാണിക്കുന്നില്ലല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ ഒന്ന് ആലോചിച്ചാൽ മനസ്സിലാകും. അവൾ ചെറിയ കുട്ടിയായിരുന്നപ്പോൾ, അത് എന്റെ അച്ഛൻ അഭിനയിക്കുന്ന കഥാപാത്രമാണെന്നും യഥാർഥ ജീവിതമല്ലെന്നും തിരിച്ചറിയാനുള്ള വിവേചനബുദ്ധി അവൾക്കുണ്ടായിരുന്നില്ല.
ഞാൻ ചെയ്യുന്ന സിനിമകളിൽ പലതും കുറച്ചുകൂടി മെച്വർ ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ട് ഒരു ഘട്ടത്തിൽ അവൾക്ക് ആ വ്യത്യാസം മനസ്സിലാക്കാൻ കഴിയണം. അത് എന്റെ അച്ഛനല്ല, ഒരു കഥാപാത്രമാണെന്ന് തിരിച്ചറിയാൻ കഴിയുന്ന പ്രായമാകണം. എനിക്ക് ഇഷ്ടമാണ് എന്റെ നല്ല സിനിമകൾ കണ്ടിട്ട് എന്നെ അഭിനന്ദിക്കാനും, മോശം സിനിമകൾ കണ്ടിട്ട് എന്നെ കളിയാക്കാനും അവൾ ഉണ്ടാകണം എന്നത്.
ഇപ്പോൾ അവൾക്ക് പതിനൊന്നു വയസ്സായി. ഇനി എന്റെ സിനിമകൾ കണ്ടുതുടങ്ങാമെന്നാണ് തോന്നുന്നത്. അവൾക്ക് അവളുടേതായ വ്യക്തിത്വമുണ്ട്. ഒരു പെൺകുട്ടിയുടെ അച്ഛനാകാൻ ആഗ്രഹിക്കുന്ന ഏതൊരാളും സ്വപ്നം കാണുന്ന ഒരു റൊമാന്റിസൈസ്ഡ് വേർഷൻ ഓഫ് ഫാദർഹുഡ് എന്ന ഘട്ടമുണ്ടല്ലോ. ‘അമ്മ അത്ര കൂളല്ല, അച്ഛനാണ് കൂൾ’ എന്ന് പറയുന്ന ആ ഫേസ് ഇപ്പോൾ തുടങ്ങാൻ പോകുകയാണ്. ഞാൻ അത് നന്നായി ആസ്വദിക്കുന്നുണ്ട്. പക്ഷേ അത് സുപ്രിയയ്ക്ക് കുറച്ച് ഹാർഡ് വർക്ക് ആണ്. എന്നാൽ സുപ്രിയ അങ്ങനെയല്ലെന്ന് എനിക്കറിയാം,’ പൃഥ്വിരാജ് പറഞ്ഞു.