ഈ ഗെറ്റപ്പില്‍ ഒരു മാസ് കൊമേഴ്‌സ്യല്‍ പൊലീസ് സിനിമ വേണം, പുതിയ പരസ്യത്തിന് പിന്നാലെ ചര്‍ച്ചയായി പൃഥ്വിരാജിന്റെ ഫിസീക്ക്
Malayalam Cinema
ഈ ഗെറ്റപ്പില്‍ ഒരു മാസ് കൊമേഴ്‌സ്യല്‍ പൊലീസ് സിനിമ വേണം, പുതിയ പരസ്യത്തിന് പിന്നാലെ ചര്‍ച്ചയായി പൃഥ്വിരാജിന്റെ ഫിസീക്ക്
അമര്‍നാഥ് എം.
Friday, 20th March 2026, 9:12 pm

മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്റെ റേഞ്ച് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. തന്റെ കരിയറിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പൃഥ്വി വമ്പന്‍ പ്രൊജക്ടുകളാണ് ബാക്ക് ടു ബാക്കായി ചെയ്യുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയടക്കം നാല് പ്രൊജക്ടുകളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്.

അടുത്തിടെ പൃഥ്വിയുടേതായി പുറത്തിറങ്ങിയ പരസ്യമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സി.പി പ്ലസ് സി.സി.ടി.വിയുടെ പരസ്യത്തില്‍ പൊലീസ് ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കോമഡി ഴോണറിലൊരുങ്ങിയ പരസ്യം ഇതിനോടകം വൈറലായി. എന്നാല്‍ പരസ്യത്തെക്കാള്‍ ചര്‍ച്ചയായിരിക്കുന്നത് മറ്റൊരു കാര്യമാണ്.

പരസ്യത്തിലുടനീളം പൃഥ്വിയുടെ ഫിസീക് എടുത്തറിയാനുണ്ടെന്നും പൊലീസ് ഗെറ്റപ്പില്‍ താരം തിളങ്ങിയെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ആടുജീവിതത്തിന് ശേഷം താരം തന്റെ ബോഡി ബള്‍ക്കിയാക്കിയെന്നും പഴയ മസില്‍മാന്‍ രൂപത്തിലേക്ക് തിരിച്ചെത്തിയെന്നും പോസ്റ്റുകളുണ്ട്. ടമാര്‍ പഠാറിലെ പൗരനെ ഈ പരസ്യത്തിലെ പൊലീസ് ഓര്‍മിപ്പിക്കുന്നുണ്ടെന്നും പോസ്റ്റുകളുണ്ട്.

ഖലീഫ, വാരണാസി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ബോഡിബില്‍ഡിങ് നടത്തിയത് എടുത്തറിയാനുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. ഈ ഗെറ്റപ്പില്‍ പൃഥ്വിയുടെ വകയായി ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനര്‍ വരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഖലീഫക്ക് ശേഷം വൈശാഖ് തന്നെ അത്തരമൊരു കഥ ചെയ്യണമെന്നും പോസ്റ്റുകളുണ്ട്. ബോളിവുഡ് ഹിറ്റായ ദബാങ് പോലെ ഒരു തട്ടുപൊളിപ്പന്‍ സിനിമയാണ് വേണ്ടതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

തന്റെ വില്ലന്മാരെ മാക്‌സിമം ഊറ്റിയെടുക്കുന്ന രാജമൗലി പൃഥ്വിരാജിനെയും വെറുതെവിടാന്‍ സാധ്യതയില്ലെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കണ്ടതിനപ്പുറം മറ്റൊരു വേഷത്തിലും പൃഥ്വി പ്രത്യക്ഷപ്പെട്ടേക്കുമെന്നും റൂമറുകളുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ അവസാന ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

പൃഥ്വിയുടേതായി ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളിലും താരം പൊലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ കംബോഡിയയിലും ടൈസണിലും കാക്കി യൂണിഫോമണിഞ്ഞുകൊണ്ട് പൃഥ്വി പ്രത്യക്ഷപ്പെട്ടേക്കും. കഴിഞ്ഞവര്‍ഷം നായകനായി തിളങ്ങാനാകാത്തതിന്റെ പലിശയെല്ലാം ഈ വര്‍ഷം പൃഥ്വി തീര്‍ക്കുമെന്നാണ് കരുതുന്നത്.

Content Highlight: Prithviraj’s new ad film getting viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം