നാളെ വിജയിക്കേണ്ടത് പൃഥ്വിയുടെ ആവശ്യം; ഖലീഫയ്ക്ക് പ്രതീക്ഷ വെച്ച് ആരാധകര്‍
Malayalam Cinema
നാളെ വിജയിക്കേണ്ടത് പൃഥ്വിയുടെ ആവശ്യം; ഖലീഫയ്ക്ക് പ്രതീക്ഷ വെച്ച് ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 19th August 2026, 7:39 pm

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. മലയാള സിനിമാ പ്രേമികളെ സംബന്ധിച്ചും ഓണം സീസണ്‍ ഒരുപാട് പ്രത്യേകതയുള്ളതാണ്. ഒന്നിലധികം ചിത്രങ്ങള്‍ ഓണക്കാലത്ത് തിയേറ്ററുകളിലെത്തുന്നതിനാല്‍ തന്നെ ഈ ഓണത്തിനും വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഓണത്തിന് ക്ലാഷ് റിലീസായി മൂന്ന് ചിത്രങ്ങളായിരുന്നു നേരത്തേ തീരുമാനിച്ചതെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം റെയ്‌സില്‍ നിന്നും പിന്മാറിയതോടെ രണ്ട് ചിത്രങ്ങള്‍ തമ്മിലാണ് ഇത്തവണ ഓണത്തല്ല് നടക്കുന്നത്.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബയൂണിറ്റുമാണ് അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങള്‍. ഇതില്‍ ഏവരും ഉറ്റുനോക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ഖലീഫ. മലയാളത്തിലെ ഹിറ്റ് സംവിധായകനായ വൈശാഖ് ഒരുക്കുന്ന ചിത്രത്തില്‍ സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലിയെന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മുത്തച്ഛന്‍ കഥാപാത്രമായ മാമ്പറക്കല്‍ അഹമദ് അലിയായി മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിന്റെ ഹൈപ്പുയര്‍ന്നിരുന്നു.

ഖലീഫ. Photo: Sony Music Malayalam

താരത്തിന്റേതായി വലിയ ഒരു വിജയത്തിനായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ വിജയിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഐ നോബഡിയും തിയേറ്ററില്‍ പരാജയമായതോടെ ഖലീഫയിലൂടെ വലിയ ഒരു തിരിച്ചുവരവാണ് താരത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

2024ല്‍ പുറത്തിറങ്ങി വിജയം നേടിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന് ശേഷം താരം നായകനായെത്തിയ ചിത്രമായിരുന്നു വിലായത്ത് ബുദ്ധയും ഐ നോബഡിയും. വലിയ ഹൈപ്പായിരുന്നു രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ചതെങ്കിലും വളരെ വേഗത്തില്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വീഴുകയായിരുന്നു. ഇതിനിടയില്‍ താരം കാമിയോ റോളിലെത്തിയ ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. മലയാളത്തിന് പുറത്ത് ബോളിവുഡില്‍ താരം പ്രധാനവേഷത്തിലെത്തിയ സര്‍സമീനും ട്രോള്‍ മെറ്റീരിയലായി മാറുകയായിരുന്നു.

ഐ നോബഡി. Photo: Jio Hotstar

ഇന്ത്യയിലെ വിവിധ ലൊക്കേഷനുകള്‍ക്ക് പുറമെ ലണ്ടന്‍, യു.എ.ഇ എന്നിവടങ്ങളിലായാണ് ഖലീഫയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു. ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: Prithviraj fans hope for an victorious comeback through Khalifa movie after 2 years

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.