ന്യൂദല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ശേഷം തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി മുംബൈ സ്വേദേശിനിയായ റിയ ആഹിര്‍. ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റിയ.
കഴിഞ്ഞമാസം മുംബൈയില്‍ നീറ്റ് പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുമ്പോള്‍ റിയ പൊലീസ് വാഹനം തടഞ്ഞിരുന്നു. പൊലീസ് വാഹനം തടയുന്ന റിയയുടെ ചിത്രങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെത്തുടര്‍ന്ന് തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിയ പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ താന്‍ ട്രോളെന്നല്ല വിളിക്കുക എന്നും ആ ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.
‘ഞാന്‍ ചെയ്തതിന്റെ പേരില്‍ ഞാന്‍ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. ഇത് ട്രോളിങ്ങ് അല്ലാത്തതിനാല്‍ ഞാന്‍ ഇതിനെ ‘ട്രോളിങ്’ എന്ന് വിളിക്കില്ല; ഇതൊരു കുറ്റകൃത്യമാണ്,’ റിയ വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പങ്കാളികളാകുന്നതായി റിയ വ്യക്തമാക്കി. തന്റെ ശരീരം വില്‍ക്കുന്നുവെന്ന് വരെയുള്ള കമന്റുകള്‍ വന്നിരുന്നു. അവരുടെ മനസിലെ മാലിന്യം എത്രത്തോളമായിരിക്കുമെന്നും റിയ ചോദിച്ചു.
‘പൊതുജനങ്ങള്‍ മാത്രമല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. ഞാന്‍ എന്റെ ശരീരം 140 രൂപക്ക് വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നു. അങ്ങനെ പറയുന്ന അവരുടെ മനസിലെ മാലിന്യം എത്രത്തോളമായിരിക്കുമെന്ന് സങ്കല്‍പിക്കൂ’ റിയ പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പൊലീസിന് പരാതി നല്‍കിയെങ്കിലും പരാതിയില്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും റിയ അറിയിച്ചു. ‘ കുറ്റകൃത്യത്തെക്കുറിച്ച് ഞാന്‍ ജൂലൈ 27ന് പരാതി നല്‍കി. ഇന്ന് അഞ്ചാം തീയതിയാണ്. ഇപ്പോഴും എന്റെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല,’ റിയ പറഞ്ഞു.
തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും റിയ പറഞ്ഞു. ‘മാധ്യമങ്ങള്‍ എന്ന നിലയില്‍, ഇത് ഞങ്ങളുടെ കൂട്ടുത്തരവാദിത്തമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പിന്തുണച്ച വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എനിക്കുവേണ്ടി നിലകൊള്ളുന്നതുപോലെ. പൗരന്മാര്‍ എന്ന നിലയില്‍ പരസ്പരം പിന്തുണക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്,’ റിയ പറഞ്ഞു.
രാജ്യത്ത് നീതി എല്ലാവര്‍ക്കും തുല്യാമായാണോ ലഭിക്കുന്നതെന്നും റിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ‘നിങ്ങള്‍ ഒരു ഭരണഘടനാ പദവി വഹിച്ചാല്‍ മാത്രമേ നീതി ലഭിക്കൂ എന്നുണ്ടോ. അതോ ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവര്‍ക്കും നീതി തുല്യമാണോ?’ റിയ ചോദിച്ചു.
ദല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരും രാഹുല്‍ ഗാന്ധിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ജന്തര്‍ മന്തറില്‍ പുരുഷ പൊലീസുകാര്‍ തന്നെ നിയമ വിരുദ്ധമായി മര്‍ദിച്ചതായി പ്രതിഷേധത്തില്‍ പങ്കാളിയായിരുന്ന മുസ്‌കാന്‍ എന്ന യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഒരു പുരുഷ ഓഫീസര്‍ ഒരു സ്ത്രീ പ്രതിഷേധക്കാരിയെ അടിക്കുന്നതിനും തുടയ്ക്ക് മുകളിലൂടെ അടിക്കുന്നതിനും എതിരെ വ്യക്തമായ ഒരു നിയമമുണ്ട്, എന്നിട്ടും ഒരു പുരുഷ ആര്‍.എ.എഫ് ഉദ്യോഗസ്ഥന്‍ തന്റെ ലാത്തികൊണ്ട് എന്റെ നിതംബത്തില്‍ കുത്താന്‍ ശ്രമിച്ചു,’ എന്ന് മുസ്‌കാന്‍ പറഞ്ഞു.
‘ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചവരില്‍ ഒരാളായിരുന്നു ഞാന്‍. ഞാന്‍ സമാധാനപരമായി മുന്നോട്ട് പോകുമ്പോള്‍ പൊലീസ് എന്തിനാണ് എന്നെ അടിച്ചത്? എന്തുകൊണ്ടാണ് ആര്‍.എ.എഫ് ഉദ്യോഗസ്ഥര്‍ എന്റെ നേരെ ലാത്തി ഉപയോഗിച്ചത്,’ മുസ്‌കാന്‍ പറഞ്ഞു.
തങ്ങളെ സംരക്ഷിക്കാന്‍ ചുമതലയുള്ളവര്‍ തന്നെയാണ് തങ്ങളെ ആക്രമിച്ചതെന്നും മുസ്‌കാന്‍ ചൂണ്ടിക്കാട്ടി. ‘ സത്യം പറഞ്ഞാല്‍, ഈ രാജ്യത്ത്, എന്നെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ച ആളുകള്‍ തന്നെയാണ് എന്നെ തല്ലുന്നത്. അപ്പോള്‍, ഈ രാജ്യത്തെ ഒരു സ്ത്രീ എന്ന നിലയില്‍, ദയവായി എന്നോട് പറയൂ – സംരക്ഷണത്തിനായി ഞാന്‍ എവിടെ പോകണം,’ മുസ്‌കാന്‍ മാധ്യമങ്ങളോട് ചോദിച്ചു.
Content Highlight: Press Meet With Rahul Gandhi: Riya Ahir About Cyber Attacks against Women Protesters
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.