600-ലധികം സിനിമകളിൽ അഭിനയിച്ചിട്ടും മാനസിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രം അതാണ് വൈറൽ ആയി പ്രേം നസീറിന്റെ പഴയ കാല അഭിമുഖം
Malayalam Cinema
600-ലധികം സിനിമകളിൽ അഭിനയിച്ചിട്ടും മാനസിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രം അതാണ് വൈറൽ ആയി പ്രേം നസീറിന്റെ പഴയ കാല അഭിമുഖം
നന്ദന. ടി
Saturday, 15th August 2026, 3:21 pm

മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന നടനാണ് പ്രേം നസീർ. 600-ലധികം ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതും നടി ഷീലയ്‌ക്കൊപ്പം നൂറിലധികം ചിത്രങ്ങളിൽ നായകനായി എത്തിയതുമുൾപ്പെടെ നിരവധി റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 1952-ൽ മരുമകൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം, തുടർന്ന് മുറപ്പെണ്ണ്, കള്ളിച്ചെല്ലമ്മ, അനുഭവങ്ങൾ പാളിച്ചകൾ, ധ്വനി  തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അഭിനയജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങളെക്കുറിച്ചും, അക്കാലത്തെ സിനിമാ അനുഭവങ്ങളെക്കുറിച്ചുമെല്ലാം ഒരു പഴയ അഭിമുഖത്തിൽ പ്രേം നസീർ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പ്രേം നസീർ. Photo. OTTPlay

സിനിമയിലേക്ക് എത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ലെന്നും, അഭിനയജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും മികച്ച കഥാപാത്രങ്ങൾ ചെയ്യാനുമായിരുന്നു ആഗ്രഹമെന്നും പ്രേം നസീർ പറയുന്നു.

‘എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ഞാൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. എന്റെ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമയിലേക്ക് വരുന്നത്. പക്ഷെ സിനിമാജീവിതം തുടങ്ങിയപ്പോൾ നല്ല സിനിമകളുടെ ഭാഗമാകണം, മികച്ച കഥാപാത്രങ്ങൾ ചെയ്യണം എന്നായിരുന്നു ആഗ്രഹം. ആ സമയത്ത് ഞാൻ സത്യനോട് എപ്പോഴും ചോദിക്കുമായിരുന്നു, നിങ്ങൾക്ക് മാത്രം എങ്ങനെയാണ് എപ്പോഴും നല്ല റോളുകൾ ലഭിക്കുന്നത് എന്ന്.

അപ്പോൾ അദ്ദേഹം പറഞ്ഞു, നസീർ, നിങ്ങൾ ഇപ്പോൾ വളരെ ചെറുപ്പമാണ്. ഞാൻ നിങ്ങളെക്കാൾ കുറച്ചുകൂടി പ്രായമുള്ള ആളാണ്. എന്റെ മുഖം കുറച്ച് റഫ് ആൻഡ് ടഫ് ആണ്. അതുകൊണ്ട് എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് ഇപ്പോൾ അത് പറ്റില്ല. കുറച്ചുകൂടി പ്രായമാകണം. അതുകൊണ്ടാണ് ഇപ്പോൾ നിങ്ങളെ പെൺകുട്ടികളുടെ പിന്നാലെ ഓടിച്ചും പാട്ടൊക്കെ പാടിച്ചും രസിപ്പിച്ച് കാശുണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ പ്രേം നസീർ പറഞ്ഞു.

താൻ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ഇരുട്ടിന്റെ ആത്മാക്കൾ ആണെന്നും, ചിത്രത്തിലെ വേലായുധൻ എന്ന കഥാപാത്രമാണ് ഏറെ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

‘അറുനൂറിലധികം ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ എന്റെ പേരുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ള സിനിമ എം.ടി. വാസുദേവൻ നായർ എഴുതിയ ഇരുട്ടിന്റെ ആത്മാക്കൾ എന്ന ചിത്രമാണ്. അതിൽ ഞാൻ ചെയ്ത വേലായുധൻ എന്ന കഥാപാത്രമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

ഞാൻ സാധാരണയായി ചെയ്തുവന്ന മരം ചുറ്റി പ്രണയം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമായിരുന്നു അത്,’ പ്രേം നസീർ പറഞ്ഞു.

അഭിനയജീവിതത്തിൽ ഏകദേശം 90 നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും, അവരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി എത്തിയിരുന്നത് ഷീലയായിരുന്നെന്നും പ്രേം നസീർ ഓർത്തെടുത്തിരുന്നു.

‘എന്റെ അഭിനയജീവിതത്തിൽ ഞാൻ ഒരു തൊണ്ണൂറോളം നായികമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ഷീലയുടെ കൂടെയാണ്. നൂറ്റിയെട്ട് ചിത്രങ്ങളിൽ ഞങ്ങൾ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. അത് വല്ലാത്തൊരു വേൾഡ് റെക്കോർഡ് തന്നെയായിരുന്നു,’ പ്രേം നസീർ പറഞ്ഞു.

പ്രേം നസീർ. വേലായുധൻ. ഇരുട്ടിന്റെ ആത്മാക്കൾ. Photo. PressQ. Com

content Highlight: Prem Nazir recalled his most cherished role, and shared memories of his early days in cinema and Sathyan’s advice about choosing roles

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം