തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ “ദേശാഭിമാനി”പ്രസിദ്ധീകരിച്ചത് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ രൂപമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രകമ്മിറ്റി നിര്‍ദേശമനുസരിച്ച് പോളിറ്റ് ബ്യൂറോ തയാറാക്കിയതാണ് പ്രമേയം. ഇതിന്റെ പൂര്‍ണ രൂപമാണ് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതെന്നും കാരാട്ട് വ്യക്തമാക്കി. []
കഴിഞ്ഞദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് എഡിറ്റ് ചെയ്തതാണെന്ന് വി.എസ് പക്ഷത്ത് നിന്ന് ആരോപണമുയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച കാര്യം ജനറല്‍ സെക്രട്ടറിയോട് ആരാഞ്ഞത്. ” പാര്‍ട്ടിയുടെ നടപടിക്രമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തതിനാലാണ് ഈ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ” പ്രകാശ് കാരാട്ട് മറുപടി പറഞ്ഞത്.
രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് വി.എസിന്റെ ഭിന്നതകളെന്ന വാദത്തിന് അടിസ്ഥാനില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രകമ്മിറ്റി പ്രമേയമാണ് കഴിഞ്ഞദിവസം ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചത്. വി.എസിന്റെ ആരോപണങ്ങള്‍ വിഭാഗീയത ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടി പത്രത്തില്‍ പ്രമേയം പ്രസിദ്ധീകരിച്ചത് വി.എസ് പക്ഷത്ത് അതൃപ്തിയ്ക്കിടയാക്കിയിരുന്നു. പ്രമേയത്തിന്റെ പൂര്‍ണരൂപമല്ല പത്രം പ്രസിദ്ധീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
