വിഷ്ണു മഞ്ജു നായകനാവുന്ന പുതിയ തെലുങ്ക് ചിത്രമാണ് കണ്ണപ്പ. വിഷ്ണുവിന്റെ ഡ്രീം പ്രൊജക്ടായ ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. കണ്ണപ്പയില്‍ ശിവനായി പ്രഭാസ് അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പ്രഭാസിനൊപ്പമുള്ള ചിത്രം വിഷ്ണു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ണപ്പ എന്ന ഹാഷ്ടാഗിനൊപ്പം ഹര്‍ ഹര്‍ മഹാദേവ് എന്ന കുറിപ്പുമായാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവെച്ചത്.

പ്രഭാസിനൊപ്പം പാര്‍വതിയായി എത്തുക നയന്‍താരയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മധുബാല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ പ്രഭാസും നയന്‍താരയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടാവും. 2007 പുറത്ത് വന്ന യോഗിയാണ് ഒടുവില്‍ ഇരുവരും ഒന്നിച്ച ചിത്രം.

എന്നാല്‍ ഇതുവരെ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ബോളിവുഡ് താരം കൃതി സനണിന്റെ സഹോദരി നുപൂര്‍ സനണാണ് ചിത്രത്തിലെ നായികയായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അറ്റ്‌ലിയുടെ ജവാനാണ് ഒടുവില്‍ പുറത്ത് വന്ന നയന്‍താരയുടെ ചിത്രം. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകനായത്. ദീപിക പദുക്കോണ്‍, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളായിരുന്നു.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷാണ് ഒടുവില്‍ തിയേറ്ററിലെത്തിയ പ്രഭാസ് ചിത്രം. രാമായണം ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. കൃതി സനണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് സീതയും രാവണനിമായെത്തിയത്.

Content Highlight: Prabhas and Nayanthara reunite after 16 years?