ബാറോസ്, എമ്പുരാന്‍, പേട്രിയറ്റ്, കഥയില്‍ സാമ്യതയില്ലാത്ത മൂന്ന് സിനിമകള്‍, മറ്റ് രണ്ട് സിനിമകളുടെ ഗതിയാകുമോയെന്ന് ആരാധകര്‍
Malayalam Cinema
ബാറോസ്, എമ്പുരാന്‍, പേട്രിയറ്റ്, കഥയില്‍ സാമ്യതയില്ലാത്ത മൂന്ന് സിനിമകള്‍, മറ്റ് രണ്ട് സിനിമകളുടെ ഗതിയാകുമോയെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Thursday, 30th April 2026, 10:40 pm

മോളിവുഡില്‍ ഈയടുത്ത് വന്നതില്‍ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് പേട്രിയറ്റ് ഒരുങ്ങുന്നത്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ പ്രതീക്ഷയുടെ കൊടുമുടിയിലാണ് ആരാധകര്‍. ചിത്രത്തിന്റെ അഡ്വാന്‍സ് സെയിലും റെക്കോഡുകള്‍ സ്വന്തമാക്കുകയാണ്.

താരപ്പകിട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, ബജറ്റിന്റെ കാര്യത്തിലും ഒരുപടി മുന്നിലാണ് പേട്രിയറ്റ്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് പേട്രിയറ്റ്. 125 കോടിയിലേറെയാണ് ചിത്രത്തിന്റെ ബജറ്റ്. ആറ് രാജ്യങ്ങളിലായി 180 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടായിരുന്നു പേട്രിയറ്റിന്റേത്.

എന്നാല്‍ ഇത്രയധികം ബജറ്റാണ് ചിത്രത്തിന്റേതെന്ന് പുറത്തുവന്നതോടെ സിനിമാപേജുകളില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. കുറച്ചുകാലം മുമ്പ് വരെ മോളിവുഡിന് 100 കോടി കളക്ഷന്‍ പോലും ബാലികേറാമലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 കോടി മുടക്കി ഒരു ചിത്രമൊരുക്കാന്‍ മാത്രം മോളിവുഡ് വളര്‍ന്നിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി 100 കോടിക്ക് മുകളില്‍ ചെലവഴിച്ച് ഒരുക്കിയ ചിത്രം ബാറോസാണ്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം 150 കോടി ബജറ്റിലാണ് ഒരുക്കിയത്. പൂര്‍ണമായും ത്രീ.ഡിയിലൊരുക്കിയ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ബജറ്റിന്റെ പത്തിലൊന്ന് പോലും നേടാനാകാതെയാണ് ബാറോസ് കളംവിട്ടത്. ഒ.ടി.ടിയിലും ചിത്രം ട്രോള്‍ മെറ്റീരിയലായി മാറി.

ബജറ്റിന്റെ കാര്യത്തില്‍ മോളിവുഡ് വീണ്ടും 100 കോടി കണ്ടത് എമ്പുരാന്റെ കാര്യത്തിലാണ്. അഞ്ച് രാജ്യങ്ങളിലായി 100ലധികം ദിവസം ചെലവഴിച്ചുകൊണ്ട് ഒരുങ്ങിയ എമ്പുരാന്‍ മലയാളസിനിമ കണ്ട ഏറ്റവും വലിയ ആഘോഷമായാണ് പ്രേക്ഷകരിലേക്കെത്തിയത്. കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്തെറിഞ്ഞ എമ്പുരാന്‍ വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 270 കോടിയിലേറെയാണ് നേടിയത്. എന്നാല്‍ 170 കോടി ബജറ്റിലൊരുങ്ങിയ ചിത്രം നിര്‍മാതാവിന് ചെറിയ ലാഭം മാത്രമാണ് സമ്മാനിച്ചത്.

ഇപ്പോഴിതാ പേട്രിയറ്റും 100 കോടിയിലേറെ ബജറ്റിലൊരുങ്ങുമ്പോള്‍ പ്രതീക്ഷയും ടെന്‍ഷനും ഒരുപോലെയാണ്. സ്റ്റാര്‍ കാസ്റ്റിനും ബജറ്റിനുമപ്പുറം കണ്ടന്റുള്ള സിനിമകള്‍ മാത്രം മുന്നേറുന്ന മോളിവുഡില്‍ പേട്രിയറ്റ് അതിജീവിക്കുമോ എന്നാണ് പലരുടെയും ചിന്ത. അറിയിപ്പ്, മാലിക്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മഹേഷ് നാരായണന്‍ നിരാശപ്പെടുത്തിലെന്നാണ് പലരും അനുമാനിക്കുന്നത്.

Content Highlight: Posts about Patriot movie budget discussing in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം