സന്ദീപും ഹാഷിറും ലീഡ് റോളില്‍ തിളങ്ങാന്‍ പോകുന്നു, നസ്‌ലെനാണെങ്കില്‍ ഇനിയങ്ങോട്ട് മുഴുവന്‍ സഹനടന്‍ റോള്‍ മാത്രം... വൈറലായി പോസ്റ്റ്
Malayalam Cinema
സന്ദീപും ഹാഷിറും ലീഡ് റോളില്‍ തിളങ്ങാന്‍ പോകുന്നു, നസ്‌ലെനാണെങ്കില്‍ ഇനിയങ്ങോട്ട് മുഴുവന്‍ സഹനടന്‍ റോള്‍ മാത്രം... വൈറലായി പോസ്റ്റ്
അമര്‍നാഥ് എം.
Friday, 12th June 2026, 5:00 pm

ജെന്‍സീ താരങ്ങള്‍ വരെ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡുകള്‍ നേടുന്ന കാലമാണിത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ആരംഭിച്ച ട്രെന്‍ഡ് ഇപ്പോഴും തുടരുകയാണ്. മാത്യു തോമസും നസ്‌ലെനും മോളിവുഡിലെ ടോപ് ലീഗില്‍ ഇതിനോടകം സ്ഥാനം പിടിച്ചു. പടക്കളം, എക്കോ എന്നീ ചിത്രങ്ങളിലൂടെ സന്ദീപ് പ്രദീപ് മുന്‍നിരയിലേക്കുയര്‍ന്നപ്പോള്‍ ലീഡ് റോളിലെത്തിയ ആദ്യ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കി ഹാഷിറും വരവറിയിച്ചു.

മലയാളസിനിമയുടെ ഭാവി ഈ താരങ്ങളുടെ കൈയില്‍ ഭദ്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതില്‍ ആരായിരിക്കും ബോക്‌സ് ഓഫീസ് ഭരിക്കുക എന്ന കാര്യത്തില്‍ കുറച്ച് കാലമായി ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രേമലു 100 കോടി നേടുകയും ലോകഃ ഇന്‍ഡസ്ട്രി ഹിറ്റാവുകയും ചെയ്തതോടെ മോളിവുഡ് നസ്‌ലെന്‍ ഭരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ പടക്കളം, എക്കോ എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നസ്‌ലെന്‍- സന്ദീപ് കമ്പാരിസണ്‍ പോസ്റ്റുകളും ധാരാളമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒരുഘട്ടത്തില്‍ ഇത് വ്യക്തിയധിക്ഷേപത്തിലേക്ക് വരെ പോയിരുന്നു. ഇപ്പോഴിതാ മോളിവുഡ് ടൈംസ് പ്രതീക്ഷിച്ച കളക്ഷന്‍ നേടാതെ വന്നതോടെ പഴയ കമ്പാരിസണ്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

മോളിവുഡ് ടൈംസിലൂടെ നടനെന്ന നിലയില്‍ നസ്‌ലെന്‍ സ്വയം അടയാളപ്പെടുത്തിയെങ്കിലും താരത്തിന്റെ ഇനിയുള്ള ലൈനപ്പുകളാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്. വമ്പന്‍ പ്രൊജക്ടുകളാണ് കൈയിലുള്ളതെങ്കിലും എല്ലാ സിനിമയിലം സഹനടന്‍ റോളാണ് നസ്‌ലെനെന്ന് പോസ്റ്റില്‍ പറയുന്നു. സൂര്യ 47, ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ, മട്ടാഞ്ചേരി മാഫിയ, ടിക്കി ടാക്ക എന്നിവയാണ് നസ്‌ലെന്റെ ലൈനപ്പിലുള്ള ചിത്രങ്ങള്‍.

അതേസമയം സന്ദീപ് പ്രദീപിന്റെ അടുത്ത ചിത്രത്തെ നസ്‌ലെന്റെ ലൈനപ്പുമായി താരതമ്യം ചെയ്യുന്നുണ്ട്. പടക്കളം, എക്കോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് സോളോ ഹീറോയായിട്ടുള്ള പ്രൊജക്ടാണ് തെരഞ്ഞെടുത്തതെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മിക്കുന്ന കോസ്മിക് സാംസണ്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷ.

ഹാഷിറാകട്ടെ വാഴ 2ന് ശേഷം വളരെ സെലക്ടീവായെന്നാണ് റിപ്പോര്‍ട്ട്. നായകനായി പുതിയ പ്രൊജക്ടുകളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടി- നിതീഷ് സഹദേവ് പ്രൊജക്ടില്‍ ഹാഷിറും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ജെന്‍സീ താരങ്ങള്‍ ഇനിയും ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുമെന്നാണ് പ്രതീക്ഷ.

Content Highlight: Post about the lineups of Naslen Sandeep and Haashir viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം