സദയത്തില്‍ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിക്കാതെ പോയത് ആ നടന്‍ കാരണം; വൈറലായി പോസ്റ്റ്
Malayalam Cinema
സദയത്തില്‍ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിക്കാതെ പോയത് ആ നടന്‍ കാരണം; വൈറലായി പോസ്റ്റ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 19th March 2026, 2:19 pm

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തിനുള്ള ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി കണക്കാക്കിയിരുന്നവയാണ് ദേശീയ പുരസ്‌കാരങ്ങള്‍. ബോളിവുഡ് എല്ലാ അര്‍ത്ഥത്തിലും അഴിഞ്ഞാടിയ കാലത്തും അഭിനയപ്രാധാന്യമുള്ള സിനിമകളിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമാ അതിന്റെ ആധിപത്യം നിലനിര്‍ത്തിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ആശയങ്ങളെ പ്രേത്സാഹിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിലൂടെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഈ സമിതി പാത്രമാകുന്നത് ഇന്ന് സ്ഥിരം സംഭവമാണ്.

മിഥുന്‍ ചക്രബര്‍ത്തി. Photo: Variety

എന്നാല്‍ 1992 ലെ ദേശീയ പുരസ്‌കാരം നല്‍കിയതില്‍ അതൃപ്തി അറിയിച്ചുകൊണ്ട് ഫേസ് ബുക്കിലെ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായ സദയത്തിലെ അഭിനയത്തിന് പകരം ബംഗാളി നടനായ മിഥുന്‍ ചക്രബര്‍ത്തിക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.

കമല്‍ കുമാര്‍ മജുംദാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി ബുദ്ധദേബ് ദാസഗുപ്ത സംവിധാനം ചെയ്ത ചിത്രമായ ‘തഹാദര്‍ കത’യായിരുന്നു താരത്തിന്റെ ചിത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഓഫീസറെ കൊലപ്പെടുത്തിയതിന് ദീര്‍ഘകാല തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ കഥാപാത്രമായ ശിബാന്ത് ആയിട്ടാണ് ചിത്രത്തില്‍ മിഥുന്‍ ചക്രബര്‍ത്തി വേഷമിട്ടത്. സ്വാതന്ത്രാനന്തരകാലഘട്ടത്തില്‍ ഇന്ത്യയെന്നും പാകിസ്ഥാനെന്നും രാജ്യം രണ്ടായി വിഭജിച്ചതിന്റെ പാര്‍ശ്വഫലങ്ങളും ചിത്രത്തില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സദയത്തെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ചിത്രം നാടകം പോലെ അനുഭവപ്പെട്ടുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രകടനത്തിലും ഈ നാടകീയത അനുഭവപ്പെട്ടു എന്നും പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ മിഥുന്‍ തന്റെ സൂപ്പര്‍ സ്റ്റാര്‍ ഇമേജില്‍ നിന്നും മാറി ഒരു ആര്‍ട്ട് പടത്തില്‍ ആദ്യമായി അഭിനയിച്ചതിനാലാവണം പുരസ്‌കാരത്തിന് പരിഗണിച്ചതെന്നും പലരും അഭിപ്രായപ്പെടുന്നു. തൊട്ട് മുമ്പത്തെ വര്‍ഷം ഭരതത്തിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിനാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും താരത്തെ പരിഗണിക്കാത്തതാണെന്നും അനുമാനങ്ങള്‍ ഉയരുന്നുണ്ട്.

മോഹന്‍ലാല്‍. Photo: The News Minute

മലയാളത്തിലെ അനശ്വരനായ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ സദയം സ്ഥാനം പിടിച്ചിട്ടുണ്ട്. വധശിക്ഷ കാത്ത് കഴിയുന്ന സത്യനാഥനായി മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.

Content Highlight: Post about 1992 National award winning performance by Mithun chakraborthy comparing with Mohanlal’s sadayam goes viral

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.