വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13 ന് ഇറങ്ങുന്ന ചിത്രത്തിന്റെ പുറത്തു വരുന്ന പാട്ടുകളും ചിത്രങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അതിലൊന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ജോളിയോ ജിംഖാന എന്ന പാട്ട്.

കൂള്‍ ആന്‍ഡ് ജോളി മൂഡില്‍ ബീച്ച് സ്‌റ്റൈലിലുള്ള സെറ്റിലായിരുന്നു പാട്ടിന്റെ ചിത്രീകരണം. ഈ പാട്ട് ചിത്രീകരിച്ച സെറ്റിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂജ ഹെഗ്‌ഡേ.

വിജയ്ക്കും, സംവിധായകന്‍ നെല്‍സണും, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘നിങ്ങള്‍ കാണുന്നത് പോലെ തന്നെ സെറ്റിലും ജോളിയോ ജിംഖാന,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പൂജ കുറിച്ചത്.

ചിത്രത്തിലേതായി ആദ്യം പുറത്ത് വന്ന അറബിക് കുത്ത് തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചകള്‍ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം സ്വന്തമാക്കിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.